/sathyam/media/media_files/2025/07/08/health-ministry-of-kuwait-2025-07-08-01-20-08.jpg)
കുവൈറ്റ് സിറ്റി: രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ തൊഴിൽപരമായ സുരക്ഷ ഉറപ്പാക്കുന്നതിനായി ആരോഗ്യ മന്ത്രാലയം പുതിയ റേഡിയേഷൻ ഡോസ് മെഷർമെന്റ് സേവനത്തിന് തുടക്കം കുറിച്ചു.
റേഡിയേഷൻ ഭീഷണി നിലനിൽക്കുന്ന തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്നവരുടെ കണ്ണുകൾക്കും കൈകാലുകൾക്കും ഏൽക്കുന്ന വികിരണത്തിന്റെ അളവ് അതീവ കൃത്യതയോടെ പരിശോധിക്കുന്നതിനാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കത്തീറ്ററൈസേഷൻ ലബോറട്ടറികളിലെ ഡോക്ടർമാർ, ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റുകൾ, റേഡിയോളജി ടെക്നീഷ്യൻമാർ, നഴ്സിംഗ് സ്റ്റാഫ്, ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിലെ ഉദ്യോഗസ്ഥർ തുടങ്ങി റേഡിയേഷൻ ഏൽക്കാൻ കൂടുതൽ സാധ്യതയുള്ള ആരോഗ്യ പ്രവർത്തകരെയാണ് ഈ പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. പ്രത്യേക പരിശോധനാ സംവിധാനങ്ങളിലൂടെ ഇവരുടെ സുരക്ഷാ നിലവാരം നിരന്തരം നിരീക്ഷിക്കും.
പരിശോധനകൾക്ക് പുറമെ, സുരക്ഷാ മാർഗരേഖകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ജീവനക്കാർക്ക് ആവശ്യമായ പരിശീലനവും അവബോധവും നൽകാനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.
'ഏറ്റവും കുറഞ്ഞ അളവിലുള്ള റേഡിയേഷൻ സമ്പർക്കം' എന്ന ആധുനിക സുരക്ഷാ സംസ്കാരം ആരോഗ്യമേഖലയിൽ നടപ്പിലാക്കുന്നതിലൂടെ ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us