നീതിന്യായ മേഖലയിൽ വിപ്ലവകരമായ ചുവടുവെപ്പുമായി കുവൈറ്റ്; 28 വനിതാ കോടതി ക്ലർക്കുമാർ ചുമതലയേൽക്കുന്നു

New Update
7d15208d-98fb-429f-8a2b-40c8b609733f

കുവൈറ്റ്: കുവൈറ്റിലെ നീതിന്യായ വ്യവസ്ഥയിൽ ചരിത്രപരമായ ചുവടുവെപ്പുമായി നീതിന്യായ മന്ത്രാലയം. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി 28 വനിതകളെ കോടതി ക്ലർക്കുമാരായി നിയമിക്കാൻ മന്ത്രാലയം തീരുമാനിച്ചു.

Advertisment

നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം നടത്തിയ സ്ക്രീനിംഗ്, വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഇവരെ ഈ തസ്തികയിലേക്ക് തിരഞ്ഞെടുത്തതെന്ന് മന്ത്രാലയം അറിയിച്ചു.

ഈ നിയമനവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുത്തവർക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കും. കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജുഡീഷ്യൽ ആൻഡ് ലീഗൽ സ്റ്റഡീസുമായി സഹകരിച്ച് മാർച്ച് 9 മുതൽ 11 വരെ ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനത്താണ് പരിശീലനം നടക്കുക.

നിയമനം സംബന്ധിച്ച കൂടുതൽ വിവരങ്ങളും തുടർനടപടികളും സർക്കാർ സേവനത്തിനുള്ള ഏകീകൃത ആപ്പായ 'സാഹേൽ' വഴി ഉദ്യോഗാർത്ഥികളെ അറിയിക്കും. നിർദ്ദിഷ്ട തീയതികളിൽ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും നടപടിക്രമങ്ങൾ പാലിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

മനുഷ്യവിഭവശേഷി വികസിപ്പിക്കുന്നതിന്റെയും ലിംഗസമത്വം ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് വനിതകളെ കോടതി ക്ലർക്കുമാരായി നിയമിക്കാൻ തീരുമാനിച്ചതെന്ന് നീതിന്യായ മന്ത്രി കൗൺസിലർ നാസർ അൽ സുമൈത് നേരത്തെ വ്യക്തമാക്കിയിരുന്നു.

കോടതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും യോഗ്യരായ വനിതാ ഉദ്യോഗാർത്ഥികളുടെ സേവനം നീതിന്യായ മേഖലയിൽ പ്രയോജനപ്പെടുത്താനും ഈ തീരുമാനം സഹായിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഈ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചത്.

Advertisment