കുട്ടികളുടെ മെഡിക്കൽ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് കരുത്തേകാൻ കുവൈറ്റിൽ സൗജന്യ നീറ്റ് മോക്ക് പരീക്ഷ

New Update
0381c035-c529-4b3d-abb7-6f5ec9de8738

കുവൈറ്റ് സിറ്റി: മെഡിക്കൽ വിദ്യാഭ്യാസ രംഗത്തേക്ക് ചുവടുവെക്കാൻ ആഗ്രഹിക്കുന്ന കുവൈറ്റിലെ വിദ്യാർത്ഥികൾക്കായി സുവർണ്ണാവസരം ഒരുങ്ങുന്നു.

Advertisment

പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ ബ്രില്ല്യന്റ് കുവൈറ്റുമായി സഹകരിച്ച് മെട്രോ മെഡിക്കൽ ഗ്രൂപ്പ് സൗജന്യ നീറ്റ് (NEET) മോക്ക് പരീക്ഷ സംഘടിപ്പിക്കുന്നു. 

ആരോഗ്യരംഗത്തെ സേവനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും വിദ്യാഭ്യാസ പ്രോത്സാഹനവും മുൻനിർത്തിയാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

2026-ലെ നീറ്റ് പരീക്ഷയെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി മാർച്ച് 6-നാണ് പരീക്ഷ നടക്കുക.

ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ മത്സരിക്കുന്ന ദേശീയതല പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടുന്നതിന് ആവശ്യമായ അക്കാദമിക് തയ്യാറെടുപ്പും മാനസികമായ ആത്മവിശ്വാസവും പകർന്നുനൽകുകയാണ് ഈ മോക്ക് പരീക്ഷയുടെ പ്രധാന ലക്ഷ്യം.

യഥാർത്ഥ നീറ്റ് പരീക്ഷയുടെ അതേ മാതൃകയിൽ പേപ്പർ-പെൻ രീതിയിലാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. പാഠപുസ്തക അറിവിനപ്പുറം പരീക്ഷാഹാളിലെ സമയക്രമീകരണം, ചോദ്യങ്ങളുടെ ശൈലി മനസ്സിലാക്കൽ, നെഗറ്റീവ് മാർക്കിംഗ് രീതി എന്നിവയിൽ കൃത്യമായ ധാരണയുണ്ടാക്കാൻ ഈ പരിശീലനം വിദ്യാർത്ഥികളെ സഹായിക്കും.

പരീക്ഷയ്ക്ക് ശേഷം ഓരോ വിദ്യാർത്ഥിക്കും അവരുടെ പ്രകടനം വിലയിരുത്തുന്ന വിശദമായ റിപ്പോർട്ടും വിദഗ്ധരുടെ മാർഗനിർദ്ദേശങ്ങളും ലഭ്യമാക്കും. ഇത് സ്വന്തം നിലവാരം തിരിച്ചറിയാനും പോരായ്മകൾ പരിഹരിച്ച് മുന്നേറാനും വിദ്യാർത്ഥികൾക്ക് സഹായകമാകും.

സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഒന്നിനും തടസ്സമാകരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ പരീക്ഷ പൂർണ്ണമായും സൗജന്യമായി നടത്തുന്നത്. ഇന്നത്തെ വിദ്യാർത്ഥികളിൽ നടത്തുന്ന ഇത്തരം നിക്ഷേപങ്ങൾ നാളെയുടെ മികച്ച ആരോഗ്യസേവനത്തിനുള്ള അടിത്തറയാണെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വ്യക്തമാക്കി. കുവൈറ്റിലെ പ്രവാസി വിദ്യാർത്ഥികൾക്ക് അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള വലിയൊരു അവസരമായാണ് ഈ സംരംഭം വിലയിരുത്തപ്പെടുന്നത്.

Advertisment