/sathyam/media/media_files/2026/02/27/e-pay-kuwait-2026-02-27-21-59-28.jpg)
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ സേവനങ്ങൾക്കുള്ള ഫീസുകൾ ഇനി മുതൽ ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെയോ അംഗീകൃത ബാങ്കിംഗ് ചാനലുകളിലൂടെയോ മാത്രമേ സ്വീകരിക്കാവൂ എന്ന് ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു.
സ്വകാര്യ മേഖലയിലെ സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ ഈ സുപ്രധാന നീക്കം.
പുതിയ നിർദേശപ്രകാരം രാജ്യത്തെ സ്വകാര്യ ആശുപത്രികൾ, മെഡിക്കൽ സെന്ററുകൾ, ക്ലിനിക്കുകൾ, ഡിസ്പെൻസറികൾ, ലബോറട്ടറികൾ, ഹോം ഹെൽത്ത്കെയർ സെന്ററുകൾ തുടങ്ങി എല്ലാ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലും നേരിട്ടുള്ള പണമിടപാടുകൾ (Cash Transactions) കർശനമായി നിരോധിച്ചു.
രോഗികളുടെയും ആരോഗ്യ സ്ഥാപനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം, സാമ്പത്തിക ശേഖരണ സംവിധാനങ്ങളിൽ കൃത്യമായ അച്ചടക്കവും മേൽനോട്ടവും ഉറപ്പാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
തീരുമാനം ഉടനടി പ്രാബല്യത്തിൽ വരുത്താൻ മന്ത്രാലയം നിർദേശിച്ചു. ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ സജ്ജമാക്കുന്നതിന് ആവശ്യമായ സാങ്കേതിക നടപടികൾ എത്രയും വേഗം പൂർത്തിയാക്കാൻ എല്ലാ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയം പരിശോധന കർശനമാക്കും. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us