കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശക വിസയിൽ എത്തി സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകാത്തവരെയും അവരുടെ സ്പോൺസർമാരെയും കണ്ടെത്തി നാടു കടത്താനൊരുങ്ങി ആഭ്യന്തര മന്ത്രാലയം.
ഇത്തരത്തിൽ നിരവധി പേർ പിടിയിലായതായും മന്ത്രാലയം അറിയിച്ചു. സന്ദർശക വിസ അനുവദിക്കുമ്പോൾ സ്പോൺസർ ഒപ്പിട്ടു നൽകിയ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടി.
പ്രവാസികളായ നിരവധി സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരെ സ്വന്തം സ്പോൺസർഷിപ്പിൽ സന്ദർശക വിസയിൽ കുവൈത്തിലേക്ക് കൊണ്ടു വരികയും താമസ കാലാവധി അവസാനിച്ചിട്ടും തിരിച്ചു പോകാതെ ഇവർ അനധികൃതമായി രാജ്യത്ത് കഴിയുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇവരെയും ഇവരുടെ സ്പോൺസർമാരെയും കണ്ടെത്തി ഉടൻ നാടു കടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സന്ദർശക വിസയിൽ രാജ്യത്ത് പ്രവേശിക്കുന്നവർ ഒരു മാസത്തിനകം രാജ്യം വിടണമെന്നും അല്ലാത്ത പക്ഷം ഇവരുടെ സ്പോൺസർമാർ ഉൾപ്പെടേയുള്ളവർ നാട് കടത്തലിനു വിധേയരാകേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.