കുവൈത്ത് സിറ്റി: മുൻ ഭർത്താവിനെതിരെ ആഭിചാര ക്രിയ നടത്തിയ കേസിലെ വിധി കുവൈത്തിലും ചർച്ചയാകുകയാണ്. മുൻ ഭർത്താവിന് എതിരെ കൂടോത്രം നടത്തിയ കേസിലാണ് മക്കളുടെ സംരക്ഷണ ചുമതല മാതാവിൽ നിന്നും റദ്ദാക്കി കൊണ്ട് കുവൈത്ത് അപ്പീൽ കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത് .
ഭർത്താവുമായി വിവാഹ മോചനം നേടിയ ശേഷം മക്കളുടെ സംരക്ഷണ ചുമതല മാതാവിനു അനുവദിച്ചു കൊണ്ട് കോടതി നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ അഭിഭാഷകയായ ഹവ്‌റ അൽ-ഹബീബ് മുഖേനെ മുൻ ഭർത്താവ് സമർപ്പിച്ച ഹരജിയിലാണ് നേരത്തെ പുറപ്പെടുവിച്ച വിധി കോടതി റദ്ധാക്കിയത്.
തന്റെ കക്ഷിക്ക് എതിരെ മുൻ ഭാര്യ മന്ത്രവാദവും ആഭിചാര ക്രിയകളും നടത്തിയെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഇത് തെളിയിക്കുന്നതിന് ആവശ്യമായ ഓഡിയോ സന്ദേശങ്ങളും , വീഡിയോ ദൃശ്യങ്ങളും വാദി ഭാഗം കോടതിയിൽ ഹാജരാക്കിയിരുന്നു.
തെളിവുകൾ പരിശോധിക്കുകയും സാക്ഷി വിസ്താരം പൂർത്തിയാക്കുകയും ചെയ്ത കോടതി ഹർജിക്കാരന്റെ വാദം ശരിയാണെന്ന് കണ്ടെത്തുകയും മക്കളുടെ സംരക്ഷണ ചുമതല മാതാവിൽ നിന്ന് മാറ്റി പിതാവിന് നൽകുവാൻ വിധി പുറപ്പെടുവിക്കുകയുമായിരുന്നു.
ഇസ്‌ലാമിൽ വൻ പാപങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ആഭിചാര ക്രിയകൾ നടത്തുന്ന ഒരാളുടെ കസ്റ്റഡിയിൽ മക്കൾ വളരുന്നത് കുട്ടികളുടെ ഭാവിക്ക് ഗുണപരമല്ലെന്നും കോടതി നിരീക്ഷിച്ചു.