/sathyam/media/media_files/2024/11/16/OMrufxVayPLtzzaDrCqp.jpg)
കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളിൽ ജയിലിലായ ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർധനവ്. വിവിധ രാജ്യങ്ങളിലെ ജയിലുകളിലായി ശിക്ഷയനുഭവിക്കുന്നത് 10,152 ഇന്ത്യക്കാരാണ്.
വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് രാജ്യസഭയിൽ ആണ് ഇക്കാര്യം അറിയിച്ചത്. തൃണമൂൽ കോൺഗ്രസ് അംഗം സാകേത് ഗോഖലെ രാജ്യസഭയിൽ നൽകിയ ചോദ്യത്തിന് മന്ത്രി രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരം വ്യക്തമാക്കിയത്.
അതേസമയം കുവൈറ്റിലെ ജയിലുകളിൽ തടവിലുള്ളത് 387 ഇന്ത്യൻ പൗരന്മാരാണ്. സൗദിയിലാണ് ഏറ്റവും കൂടുതൽ ഇന്ത്യൻ തടവുകാർ. ഇവിടെ 2,633 ഇന്ത്യൻ തടവുകാർ കഴിയുന്നുണ്ട്. തൊട്ടുപിന്നിൽ യുഎഇ (2,518) ആണ്.
നേപ്പാൾ (1,317), ഖത്തർ (611), മലേഷ്യ (338), യുകെ (288), പാകിസ്ഥാൻ (266), ബഹ്‌റൈൻ (181), ചൈന (173), യുഎസ് (169), ഇറ്റലി (168), ഒമാൻ (148) തുടങ്ങിയ രാജ്യങ്ങളിലെ ജയിലുകളിലും നിരവധി ഇന്ത്യക്കാർ തടവിൽ കഴിയുന്നുണ്ട്.
2,684 ഇന്ത്യക്കാർ വിദേശ കോടതികളിൽ വിചാരണ നേരിടുന്നു
വിദേശ രാജ്യങ്ങളിൽ വിവിധ കുറ്റങ്ങളിലെ പ്രതികളായി വിചാരണ നേരിടുന്ന 2,684 ഇന്ത്യക്കാരും ഇതിൽ ഉൾപ്പെടുന്നു. യുഎഇ (294), ബഹ്‌റൈൻ (144), ഖത്തർ (123), മലേഷ്യ (121) എന്നിവിടങ്ങളിലാണ് കൂടുതൽ വിചാരണ തടവുകാർ ഉള്ളത്.
54 ഇന്ത്യക്കാർക്ക് വധശിക്ഷ
54 ഇന്ത്യൻ പൗരന്മാർക്ക് വിദേശ കോടതികൾ വധശിക്ഷ വിധിച്ചിട്ടുണ്ടെന്നും, ഇത്തരം കേസുകളിൽ സാധ്യമായ എല്ലാ നിയമസഹായങ്ങളും സർക്കാർ നൽകുന്നുണ്ടെന്നും വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി.
ജയിലിൽ കഴിയുന്ന ഇന്ത്യക്കാർക്ക് അപ്പീൽ സമർപ്പിക്കൽ, ദയാഹർജി എന്നിവയ്ക്ക് വേണ്ടിയുള്ള നിയമ സഹായങ്ങൾ നൽകുമെന്നും സർക്കാർ അറിയിച്ചു.