കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇഫ്താർ കിറ്റുകളുടെ ദുരുപയോഗം തടയാൻ നിരീക്ഷണം ശക്തമാക്കി. വരുമാനം കുറവുള്ളവർക്കായി വിഭാവനം ചെയ്ത ഇഫ്താർ ഭക്ഷണ പാക്കറ്റുകൾ ചിലർ അനാവശ്യമായി വാങ്ങി മറിച്ചുവിൽക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നിരീക്ഷണം ശക്തമാക്കിയത്.
ഇത്തരം സംഭവങ്ങൾ തടയുന്നതിനായി അധികൃതർ വിവിധ ഉപാധികൾ ആവിഷ്‌കരിച്ചിരിക്കുകയാണ്. കൃത്യമായ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് സാമൂഹ്യ പ്രവർത്തകരുടെയും ഇഫ്താർ കിറ്റ് ശേഖരണ കേന്ദ്രങ്ങളുടെയും സഹകരണം തേടിയിട്ടുണ്ട്.
ദാനം ചെയ്യുന്നവരും സ്വീകരിക്കുന്നവരും ഇതിന്റെ ഉദ്ദേശശുദ്ധി കാത്തുസൂക്ഷിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇഫ്താർ വിഭവങ്ങൾ അർഹരിലേക്ക് തന്നെ എത്തുന്നുവെന്നുറപ്പാക്കാൻ കർശന നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.