കുവൈത്ത് സിറ്റി: അഹ്‌മദി പൊലീസ് പട്രോളിംഗ് സംഘം ഏകദേശം 200 കുപ്പിയോളം പ്രാദേശികമായി നിർമ്മിച്ച മദ്യവുമായി രണ്ട് ഏഷ്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തു. അഹ്‌മദി ഗവർണറേറ്റിൽ ഒരു ചെക്ക്‌പോസ്റ്റ് വഴി കടന്നുപോകാൻ ശ്രമിക്കുമ്പോഴായിരുന്നു ഇവർ പൊലീസിന്റെ പിടിയിലായത്.
പോളീസ് ഉദ്യോഗസ്ഥരെ കണ്ടതോടെ ഇരുവരും പരിഭ്രാന്തരായി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പൊലീസിന്റെ ദൃഢമായ ഇടപെടലിനെ തുടർന്ന് ഉടൻ പിടിയിലാവുകയും ചെയ്തതോടൊപ്പം വാഹനം പരിശോധിച്ചപ്പോഴാണ് പിൻസീറ്റുകളിലും ട്രങ്കിലുമൊളിപ്പിച്ച നിലയിൽ 200-ഓളം കുപ്പികൾ പ്രാദേശികമായി നിർമ്മിച്ച മദ്യം കണ്ടെത്തിയത്.
പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതികൾ മദ്യം നിർമ്മിക്കുകയും, പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് കുപ്പികളിലാക്കുകയും പാക്കേജിംഗ് നടത്തിയ ശേഷം ഡെലിവറി സേവനം വഴി ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുകയും ചെയ്തതായി സമ്മതിച്ചിട്ടുണ്ട്. അറസ്റ്റിലായവർക്കെതിരെ തുടര്‍നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്കായി കൈമാറി.