/sathyam/media/media_files/2025/03/17/rmtqoBlxVSX8q0C71XbU.webp)
ബെയ്ജിംഗ്: നവീകരണ ഊർജ്ജ മേഖലയിൽ സംയുക്ത സഹകരണം ശക്തിപ്പെടുത്തുന്നതിനായി കുവൈറ്റ് ചൈനയുമായി ഫ്രെയിംവർക്ക് കരാർ ഒപ്പുവെച്ചു.
കുവൈറ്റ് വൈദ്യുതി, വെള്ളം, നവീകരണ ഊർജ്ജ മന്ത്രാലയ അണ്ടർസെക്രടറി ഡോ. ആദിൽ അൽ-സാമിൽ, ചൈനീസ് നാഷണൽ എനർജി അഡ്മിനിസ്ട്രേഷന്റെ ഡെപ്യൂട്ടി ഡയറക്ടർ റെൻ ജിങ്ഡോങ് എന്നിവർ തമ്മിലായിരുന്നു കരാർ ഒപ്പുവെച്ചത്.
ചൈനീസ് ദേശീയ ഊർജ്ജ ആഡ്മിനിസ്ട്രേഷന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കുവൈറ്റ് ഏഷ്യാ കാര്യങ്ങൾക്കായുള്ള അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസിഡർ സമീഹ് ജോഹർ ഹയാത്ത്, ചൈനയിലെ കുവൈറ്റ് അംബാസിഡർ ജാസിം അൽ-നജീം തുടങ്ങിയവരും പങ്കെടുത്തു.
ആറുമാസം നീണ്ട ചർച്ചകൾക്കൊടുവിൽ കരാർ അന്തിമരൂപം സ്വീകരിച്ചതായി ഡോ. അൽ-സാമിൽ അറിയിച്ചു. കരാറിന്റെ ഭാഗമായി, കുവൈറ്റിലെ അൽ-ഷഗായ, അൽ-അബ്ദിലിയ എന്നീ പ്രദേശങ്ങളിലെ മൂന്നാമത്തെയും നാലാമത്തെയും നവീകരണ ഊർജ്ജ പദ്ധതികൾക്ക് ചൈന മേൽനോട്ടം വഹിക്കും.
ഓരോ പദ്ധതിക്കും 3,500 മെഗാവാട്ട് ശേഷി ഉറപ്പാക്കാൻ പദ്ധതിയുണ്ട്. ഇത് 5,000 മെഗാവാട്ട് വരെ വർദ്ധിപ്പിക്കാനുളള സാധ്യതയും പരിശോധിക്കപ്പെടുന്നു.
കുവൈറ്റ്-ചൈന ബന്ധം വൻ പുരോഗതി കൈവരിക്കുകയാണെന്നും, കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹ് ചൈന സന്ദർശിച്ച് പ്രസിഡന്റ് ഷി ജിൻപിംഗുമായി നടത്തിയ കൂടിക്കാഴ്ചയോടെ ഈ ബന്ധം കൂടുതൽ ശക്തിപ്പെട്ടതാണെന്നും അംബാസിഡർ ഹയാത്ത് വ്യക്തമാക്കി.
ഫിബ്രുവരിയിൽ ഒപ്പുവെച്ച മുബാറക് അൽ-കബീർ പോർട്ട് നിർമാണ കരാറിനേയും ചൈനയുമായി സഹകരിച്ചുള്ള മറ്റു വലിയ പദ്ധതികളെയും കുറിച്ച് കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.