കുവൈറ്റ്: ബി.ജെ.പി സർക്കാർ പാർലമെന്റിൽ പാസാക്കിയ വഖഫ് ഭേദഗതി ബില്ല് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ പ്രവർത്തക സമിതി പ്രമേയത്തിലുടെ അഭിപ്രായപ്പെട്ടു.
വഖഫ് ഭേദഗതി ബില്ല് എല്ലാ മതങ്ങളുടെയും, വിശിഷ്യാ ന്യൂനപക്ഷ മതങ്ങളുടെ സ്വത്തുക്കളിൽ പിടിമുറുക്കാനുള്ള സംഘപരിവാർ ഗൂഢാലോചനയുടെ ഭാഗമാണ്.
ഇതൊരു മുസ്‌ലിം പ്രശ്‌നം മാത്രമായി ചുരുക്കപ്പെടാൻ സാധിക്കില്ല. ഇതിന്റെ പ്രത്യാഘാതങ്ങൾ വരും നാളുകളിൽ ക്രൈസ്തവ, സിഖ് തുടങ്ങിയ ഇതര മത ന്യൂനപക്ഷങ്ങളും അനുഭവിക്കേണ്ടി വന്നേക്കും.
ഇതിനെതിരെ മതേതര സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടത് ഓരോ ഇന്ത്യൻ പൗരന്റെ ബാധ്യതയാണെന്നും പ്രമേയത്തിൽ വ്യക്തമാക്കി.
ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളുടെ മേൽ അവകാശവാദങ്ങൾ ഉന്നയിച്ച് പ്രകോപനം സൃഷ്‌ടിക്കുന്ന സംഘ് പരിവാർ നീക്കങ്ങൾ രാജ്യത്ത് വർദ്ധിക്കുകയാണ്.
അത്തരം ശ്രമങ്ങൾക്ക് നിയമത്തിന്റെ കൂടി പിൻബലം നൽകി, എല്ലാ വഖഫ് സ്വത്തുക്കളെയും 'ഡിസ്പ്യൂട് ലാൻഡ്' ആക്കി മാറ്റാനാണ് ഈ ബില്ലിലൂടെ ലക്ഷ്യമിടുന്നത്.
ഇത് രാജ്യത്ത് സൃഷ്‌ടിക്കാൻ പോകുന്നത് അറ്റമില്ലാത്ത വിവാദങ്ങൾക്കും അവസാനമില്ലാത്ത കുഴപ്പങ്ങൾക്കുമാണ്. ഇതിൽ ഏതെങ്കിലും ഒരു മത വിഭാഗം മാത്രം ഇരയാക്കപ്പെടുമെന്ന് ചിന്തിക്കുന്നവർ സംഘപരിവാറിന്റെ കുത്സിത അജണ്ടകളെ തിരിച്ചറിയാത്തവരാണ്.
ആരാധനാലയ സംരക്ഷണ നിയമം കൂടി അട്ടിമറിക്കാനുള്ള നീക്കങ്ങൾ അണിയറയിൽ ഒരുങ്ങുന്ന പശ്ചാത്തലത്തിൽ ക്ഷണിക വികാരങ്ങളാൽ സംഘ് പരിവാർ അജണ്ടകളിൽ മത ന്യൂനപക്ഷങ്ങൾ അധപതിക്കാതിരിക്കാൻ ഒരേ സമയം മത നേതൃത്വങ്ങൾക്കും മത നിരപേക്ഷ രാഷ്ട്രീയ നേതൃത്വങ്ങൾക്കും ജാഗ്രത വേണമെന്നും ഇസ്ലാഹീ സെന്റർ അവതരിപ്പിച്ച പ്രമേയത്തിൽ ആവിശ്യപ്പെട്ടു.
കെ.കെ.ഐ.വൈസ് പ്രസിഡന്റ് സി.പി.അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ നടന്ന പ്രവർത്തക സമിതി യോഗത്തിൽ ആക്ടിങ് ജനറൽ സെക്രട്ടറി സ്വാലിഹ് സുബൈർ സ്വാഗതവും, പി.ആർ.സെക്രട്ടറി എൻ.കെ.അബ്ദുസ്സലാം നന്ദിയും പറഞ്ഞു.