കുവൈത്തിൽ മയക്കുമരുന്ന് കേസുകളിൽ ഇനി ശിക്ഷ കടുക്കും. ലഹരി കടത്തിയാൽ വധശിക്ഷ വരെ ലഭിച്ചേക്കാം. വിവാഹിതരാകാൻ പോകുന്നവർക്കും ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകർക്കും ലഹരി പരിശോധന നിർബന്ധം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
x

കുവൈത്ത് സിറ്റി : കുവൈത്തിൽ മയക്കുമരുന്ന് കേസുകളിൽ ഇനി ശിക്ഷ കടുക്കും. ഇത് സംബന്ധിച്ച കരട് നിയമം സമർപ്പിച്ചു. ‌നിലവിലെ ശിക്ഷാ നടപടികളിലെ പോരായ്മകൾ പരിഹരിക്കുന്നതിനാണ് പുതിയ നിയമ ഭേദഗതി.

Advertisment

ലഹരിമരുന്ന് വിരുദ്ധ നിയമത്തിലെ നടപടിക്രമങ്ങളിലെ പഴുതുകൾ പരിഹരിക്കുന്നതിനായി രൂപീകരിച്ച സമിതിയുടെ മേധാവി  മുഹമ്മദ് റാഷിദ് അൽ-ദുവൈജിന്റെ നേതൃത്വത്തിലാണ് ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിനു റിപ്പോർട്ട് സമർപ്പിച്ചത്.

മയക്കുമരുന്ന്, സൈക്കോട്രോപിക് വസ്തുക്കൾ എന്നിവ കടത്തുന്നവർക്ക് വധശിക്ഷയും രണ്ട് ദശലക്ഷം ദിനാർ വരെ പിഴയും ലഭിക്കുന്ന തരത്തിലാണ് കരട് നിയമത്തിലെ വ്യവസ്ഥകൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്. മുമ്പ് ഏഴ് വർഷം വരെയായിരുന്നു ശിക്ഷ ലഭിച്ചിരുന്നത്.

ജയിലുകളിൽ മയക്ക് മരുന്ന് വസ്തുക്കൾ കടത്തുകയോ അല്ലെങ്കിൽ അതിനു സഹായിക്കുകയോ ചെയ്യുന്നവർക്ക്  വധശിക്ഷ ലഭിക്കും. മയക്കുമരുന്ന് കടത്തുന്നതിന്  ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്ന ജീവനക്കാരനും വധശിക്ഷ ലഭിക്കും.

ഉപഭോഗത്തിനോ പ്രോത്സാഹനത്തിനോ വേണ്ടി രണ്ടോ അതിലധികമോ കൂടുതൽ പേർക്ക്  മയക്കുമരുന്നോ അല്ലെങ്കിൽ സൈക്കോട്രോപിക് വസ്തുക്കളോ വിതരണം ചെയ്യുന്നവർക്കും വധശിക്ഷ ലഭിക്കും.

വിവാഹം കഴിക്കാൻ പോകുന്നവർ, ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകർ, സർക്കാർ ജോലി അപേക്ഷകർ എന്നിവരെ മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ പരിശോധനക്ക് വിധേയരാക്കും. 

മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, നാഷണൽ ഗാർഡ്, ഫയർ ഫോഴ്‌സ് എന്നിവയിലെ എല്ലാ സൈനിക ഉദ്യോഗസ്ഥരുടെയും റാങ്കുകൾ പരിഗണിക്കാതെ ക്രമരഹിതമായ പരിശോധന നടത്തും. 

മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്തുന്നതിന് വിദ്യാർത്ഥികളെ  ക്രമരഹിതമായി പരിശോധനക്ക് വിധേയരാക്കും.

മയക്കുമരുന്നിന്റെയോ സൈക്കോട്രോപിക് വസ്തുക്കളുടെയോ സ്വാധീനത്തിൽ  അക്രമങ്ങൾ നടത്തുകയോ മറ്റുള്ള വരെ ഉപദ്രവിക്കുകയോ ചെയ്‌താൽ കർശനമായ ശിക്ഷ നടപ്പാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. 

Advertisment