കുവൈത്ത് സിറ്റി: കുവൈത്തിൽ സ്ത്രീകളെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചാലും ഭർത്താവിനെതിരെ തട്ടിക്കൊണ്ടു പോകൽ പ്രകാരം കേസെടുക്കും. തട്ടിക്കൊണ്ടു പോകൽ കേസിൽ പ്രതിയുടെ ശിക്ഷ ഒഴിവാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം റദ്ദാക്കുന്നതായി നീതിന്യായ മന്ത്രി നാസർ അൽ-സുമൈത് വ്യക്തമാക്കി.
സ്ത്രീകളുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനുമുള്ള സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും, ഇസ്ലാമിക നിയമത്തിലെ മനുഷ്യന്റെ അന്തസിനെ ഉയർത്തി പിടിക്കുന്ന തത്വങ്ങൾ ഏകീകരിക്കുന്നതിനും, അന്താരാഷ്ട്ര കൺവെൻഷനുകൾ പാലിക്കുന്നതിനും കുവൈത്ത് പ്രകടിപ്പിക്കുന്ന പ്രതിബദ്ധതയാണ് പുതിയ കരട് നിയമത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് നിലവിലെ പീനൽ കോഡിലെ ആർട്ടിക്കിൾ 182 റദ്ധാക്കികൊണ്ടാണ് പുതിയ കരട് നിയമം തയ്യാറാക്കിയത്. തട്ടിക്കൊണ്ടുപോയ സ്ത്രീയെ അവരുടെ രക്ഷിതാവിന്റെ അനുമതിയോടെ വിവാഹം കഴിക്കുകയും തട്ടിക്കൊണ്ടുപോയയാളെ ശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന് രക്ഷിതാവ് അഭ്യർത്ഥിക്കുകയും ചെയ്താൽ, പ്രതിയെ കുറ്റ വിമുക്തനാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് പീനൽ കോഡിലെ ആർട്ടിക്കിൾ 182. ഈ നിയമമാണ് ഇപ്പോൾ റദ്ധാക്കിയത്.