കുവൈറ്റ്: അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ വച്ച് മെയ് 23 ന് നടത്തപ്പെട്ട ചിത്രരചനാ പഠനകളരി പ്രായഭേദമന്യേ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്രദവും പ്രചോദനവുമായി.
ആർട്ടിസ്റ്റ് റിനു ശോഭാസ് ആണ് മൂന്ന് മണിക്കൂർ നീണ്ടുനിന്ന ക്ലാസ്സ് എടുത്തത്.ചിത്രകലയുടെ പ്രസക്തിയും വിവിധ കലാകാരന്മാരുടെ വ്യത്യസ്തമായ ശൈലികളും, അറിവുകളും, സാങ്കേതികമായ നുറുങ്ങ് വിദ്യകളും മറ്റുള്ളവർക്ക് കൂടി പങ്ക് വെയ്ക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ഇത്തരം ചിത്രകലാ ക്യാമ്പുകളും വർക്ക് ഷോപ്പുകളും സംഘടിപ്പിക്കുന്നതെന്ന് ഇനാസ്ക് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ കലാകാരന്മാരെ ഈ രംഗത്തേക്ക് കൊണ്ടുവരികയും അവർക്ക് വേണ്ട ആത്മവിശ്വാസം പകർന്നു നല്കുകയും ചെയ്യുക എന്നത് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സംഘടനാ ഭാരവാഹികൾ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
എല്ലാ മാസവും വിവിധ ചിത്രകലാ വിഷയങ്ങളെ ആസ്പദമാക്കി InASK ശില്പശാലകൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
പോട്രേറ്റ് വർക്ക്ഷോപ്പിന് ആർട്ടീസ്റ്റ്മാരായ ശ്രീകുമാർ വല്ലന സ്വാഗതവും, സുനിൽ കുളനട വിഷയ വിശദീകരണവും, ഹരി ചെങ്ങന്നൂർ നന്ദിയും അറിയിച്ചു.
വളരെ ലളിതമായി കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഗുണകരമായ പഠനക്ലാസ്സിൽ ആർട്ടുസ്റ്റ്മാരായ രവീന്ദ്രൻ കണ്ണൂർ, സുനിൽ പൂക്കോട് , ശിവകുമാർ തിരുവല്ല, അവിനേഷ്, ബിനു, മുംതാസ് ഫിറോസ്, ജെസ്നീ ഷമീർ, സന എബ്രഹാം, നിമിഷ എ, ദീപാ പ്രവീൺ അബ്ദുൾ ഷനീസ്, അംബിക മുകുന്ദൻ, അന്വേഷ ബിശ്വാസ് തുടങ്ങി ഒട്ടുമിക്ക ആർട്ടിസ്റ്റുകളും പരിപാടിയിൽ സന്നിഹിതരായിരുന്നു.