കോഴിക്കോട്: കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി ഭവനരഹിതരായ തങ്ങളുടെ അംഗങ്ങൾക്കായി നടപ്പിലാക്കുന്ന "നന്മ ഭവന പദ്ധതി"ക്ക് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ തുടക്കം കുറിച്ചു.
കോഴിക്കോട് ലീഗ് ഹൗസിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചുകൊണ്ട്, കുവൈത്ത് കെഎംസിസി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ തങ്ങൾ പ്രത്യേകം പ്രശംസിച്ചു.
കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ച യോഗത്തിൽ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.
കുവൈത്ത് കെഎംസിസിക്ക് കീഴിലുള്ള ശിഹാബ് തങ്ങൾ റിലീഫ് സെല്ലാണ് "നന്മ ഭവന പദ്ധതി"ക്ക് നേതൃത്വം നൽകുന്നത്. ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാൻ ഡോക്ടർ മുഹമ്മദലി പദ്ധതിയുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു.
/filters:format(webp)/sathyam/media/media_files/2025/06/29/11f88481-97df-42c3-b95b-c08da42f0d25-2025-06-29-18-33-49.jpg)
അംഗങ്ങൾക്ക് വർഷത്തിൽ പത്ത് വീടുകൾ നിർമ്മിച്ചു നൽകുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആദ്യഘട്ടത്തിൽ കാസർഗോഡ് ജില്ലയിലെ ഉദുമ, കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, ബേപ്പൂർ, മലപ്പുറം ജില്ലയിലെ പൊന്നാനി, വേങ്ങര എന്നീ അഞ്ച് നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള അഞ്ച് കെഎംസിസി അംഗങ്ങൾക്കാണ് വീടുകൾ നിർമ്മിച്ചു നൽകുന്നത്.
പരിപാടിയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി, കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് റസാഖ് മാസ്റ്റർ, ജില്ലാ സെക്രട്ടറി എൻ.സി അബൂബക്കർ, കുവൈത്ത് കെഎംസിസി വൈസ് പ്രസിഡന്റ് എം.ആർ നാസർ, മാൻഗോ ഹൈപ്പർ ചെയർമാൻ റഫീഖ് അഹ്‌മദ്, സിദ്ദീഖ് വലിയകത്ത്, സിദ്ദീഖ് മാസ്റ്റർ, വി.പി ഇബ്രാഹിം കുട്ടി, അബ്ദുൽ സലാം മാസ്റ്റർ, സാലിഹ് ബാത്ത, സലാം വളാഞ്ചേരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
അബ്ദുൽ ഹകീം അഹ്സനിയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിക്ക് കുവൈത്ത് കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു. കുവൈത്ത് കെഎംസിസി സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകി.