കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അബുഹലീഫ മേഖലയ്ക്കായി പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. മെഹബൂള ബ്ലോക്ക് 3 ൽ സ്ട്രീറ്റ് 301, 202 ആം നമ്പർ ബിൽഡിങ്ങിലാണ് പുതിയ ഓഫീസ്.
മേഖല പ്രസിഡന്റ് ജോബിൻ ജോണിന്റെ അധ്യക്ഷതയിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത് പുതിയ ഓഫീസിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. പ്രസിഡന്റ് മാത്യു ജോസഫ്, ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ, മലയാളം മിഷൻ കുവൈറ്റ് ചാപ്‌റ്റർ ജനറൽ സെക്രട്ടറി ജെ സജി എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
കേന്ദ്രകമ്മറ്റി അംഗങ്ങൾ, മേഖലകമ്മറ്റി ഭാരവാഹികൾ, കലയുടെ മുൻ ഭാരവാഹികൾ, കൂടാതെ കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ നൂറിലധികം ആളുകൾ ഈ പരിപാടിയിൽ പങ്കെടുത്തു. ഉദ്‌ഘാടന സമ്മേളനത്തിന് ശേഷം മേഖലയിലെ കലാകാരന്മാർ അവതരിപ്പിച്ച ഗാനസന്ധ്യയും അരങ്ങേറി.
രണ്ട് ഓഡിറ്റോറിയവും വിശാലമായ ലൈബ്രറി സൗകര്യത്തോടും കൂടിയാണ് പുതിയ ഓഫീസ്. പരിപാടിക്ക് മേഖല സെക്രട്ടറി സന്തോഷ് കെ ജി സ്വാഗതം ആശംസിച്ചു, കേന്ദ്രകമ്മറ്റി അംഗം ഷിജിൻ നന്ദിയും രേഖപ്പെടുത്തി.