കുവൈത്ത് സിറ്റി: രാജ്യത്ത് നവീകരണ പദ്ധതികൾക്ക് പുതിയ ഉണർവേകി, കുവൈത്തിലെ തീരദേശ വികസന പദ്ധതിയുടെ മൂന്നാം ഘട്ടവും അൽ മുത്തന്ന വ്യാപാര സമുച്ചയത്തിന്റെ നവീകരണ പദ്ധതിയും അധികൃതർ അവതരിപ്പിച്ചു.
പൊതു-സ്വകാര്യ പങ്കാളിത്ത രീതിയിൽ (PPP) നടപ്പാക്കപ്പെടുന്ന ഈ പദ്ധതികൾ കുവൈത്തിന്റെ സമുദ്രതീര സുന്ദരീകരണവും ആധുനികസൗകര്യങ്ങളുടെ വികസനവുമാണ് ലക്ഷ്യം വെക്കുന്നത്.
348,385 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള “വാജ്ഹത്ത് അൽ ബഹ്രിയ” (കടലിന്റെ തീരഭാഗം) എന്ന പേരിൽ അറിയപ്പെടുന്ന പ്രദേശം പൊതുജനങ്ങൾക്കായുള്ള വിനോദസൗകര്യങ്ങൾ, കച്ചവടമേഖലകൾ, തുറമുഖസൗകര്യങ്ങൾ എന്നിവയോടെ സമ്പന്നമാകും.
പുതുതായി നവീകരിക്കുന്ന പശ്ചാത്തലത്തിൽ മണ്ണ് സംരക്ഷണവും പരിപാലനവും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേ സമയം, 17,183 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കുവൈറ്റ് സിറ്റിയുടെ ഹൃദയ ഭാഗത്തുള്ള അൽ മുത്തന്ന സമുച്ചയത്തിന്റെ പൂർണ്ണ നവീകരണവും പുനർനിർമ്മിതിയും ഈ പദ്ധതിയിൽ ഉൾക്കൊള്ളുന്നു. വ്യാപാര കേന്ദ്രങ്ങളും വിനോദസൗകര്യങ്ങളും അതിന്റെ ഭാഗമായി വികസിപ്പിക്കും.
പദ്ധതികൾ നടപ്പിലാക്കുന്നതിന് മുമ്പ് കുവൈത്ത് പാർട്ട്ണർഷിപ്പ് ടെക്നിക്കൽ ബ്യൂറോയുടെ മേൽനോട്ടത്തിൽ താല്പര്യപ്പെടുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് ക്ഷണം നല്‍കിയതായും അധികൃതർ അറിയിച്ചു. പൊതുമേഖലയും സ്വകാര്യവിഭാഗവും ഒരുമിച്ച് ചേർന്ന് വികസിപ്പിക്കുന്ന ഈ പദ്ധതി കുവൈത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ ഭാവം നൽകുമെന്ന് കരുതുന്നതായി അധികൃതർ അറിയിച്ചു