കുവൈറ്റ് സിറ്റി: നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് 12 സ്വകാര്യ ഫാർമസികളുടെ ലൈസൻസ് കുവൈറ്റ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അൽ-അവാദി റദ്ദാക്കി.
ഈ ഫാർമസികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്. നിരവധി സർക്കാർ ഏജൻസികളുമായി സഹകരിച്ചാണ് ആരോഗ്യ മന്ത്രാലയം ഈ നടപടി സ്വീകരിച്ചത്.
വാണിജ്യ കമ്പനികൾ അനധികൃതമായി ഫാർമസികൾ കൈകാര്യം ചെയ്യുക, റെസിഡൻഷ്യൽ കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ ലൈസൻസില്ലാത്ത മെഡിക്കൽ വെയർഹൗസ് പ്രവർത്തിപ്പിക്കുക, അംഗീകാരമില്ലാത്ത മരുന്നുകൾ ശേഖരിക്കുക തുടങ്ങിയ ഗുരുതരമായ നിയമ ലംഘനങ്ങളാണ് ഈ ഫാർമസികളിൽ കണ്ടെത്തിയത്.
മൂന്ന് ദിവസത്തെ പരിശോധനാ കാമ്പെയ്‌നിനിടെയാണ് ഈ നിയമ ലംഘനങ്ങൾ പുറത്തുവന്നത്. ഫാർമസ്യൂട്ടിക്കൽ നിയമങ്ങൾ ലംഘിക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ കർശന നടപടികളെന്ന് അധികൃതർ അറിയിച്ചു.