കുവൈത്തിൽ ടാക്സിയിൽ സുഖപ്രസവം: തമിഴ്‌നാട് സ്വദേശിനിക്ക് ആൺകുഞ്ഞ് പിറന്നു

New Update
1480888-untitled-1

കുവൈത്ത് സിറ്റി: കുവൈത്തിൽ തമിഴ്‌നാട് സ്വദേശിനിക്ക് ടാക്സിയിൽ സുഖപ്രസവം. ഇന്ന് രാവിലെയാണ് സംഭവം. സാൽമിയ ബ്ലോക്ക് 10-ൽ കുടുംബത്തോടൊപ്പം താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനിയാണ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ടാക്സിയിൽ വെച്ച് ആൺകുഞ്ഞിന് ജന്മം നൽകിയത്.

Advertisment

പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സബാഹ് ആശുപത്രിയിലേക്ക് പോകാനായി യുവതിയുടെ ഭർത്താവ് യാത്രാ കുവൈത്ത് അംഗമായ മനോജ് മഠത്തിൽ എന്നയാളുടെ ടാക്സി വിളിക്കുകയായിരുന്നു. 

എന്നാൽ, വാഹനത്തിൽ കയറിയ ഉടൻതന്നെ യുവതിക്ക് പ്രസവത്തിന് മുന്നോടിയായുള്ള ലക്ഷണങ്ങൾ അനുഭവപ്പെട്ടു. ഇത് മനസ്സിലാക്കിയ ഡ്രൈവർ, ഭർത്താവിന്റെ സഹായത്തോടെ വാഹനത്തിന്റെ പിൻഭാഗത്തെ സീറ്റിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകി.

ഫിഫ്ത് റിംഗ് റോഡ് വഴി ആശുപത്രിയിലേക്ക് പോകവേ ബയാൻ പാലസിനു സമീപത്ത് വെച്ചാണ് യുവതിയുടെ പ്രസവം നടന്നത്. തുടർന്ന്, ആശുപത്രിയിൽ എത്തിയ യുവതിയെ ജീവനക്കാർ പ്രസവ വാർഡിലേക്ക് മാറ്റുകയും ആവശ്യമായ തുടർ ചികിത്സാ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

സാൽമിയ ബ്ലോക്ക് പത്തിൽ താമസിക്കുന്ന ഈ യുവതിയുടെ മൂന്നാമത്തെ പ്രസവമാണിത്. അമ്മയും കുഞ്ഞും സുഖമായി കഴിയുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Advertisment