കുവൈറ്റ് സിറ്റി: കുവൈത്ത് ടെലിവിഷൻ ചാനലിൽ വാർത്താ സ്ക്രീനിൽ സാങ്കേതിക തകരാർ ദൃശ്യമായതിനെ തുടർന്ന് സ്റ്റുഡിയോ മാനേജരെ സസ്പെൻഡ് ചെയ്തതായി മന്ത്രാലയം അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു സാങ്കേതിക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വാർത്താ സംപ്രേക്ഷണത്തിനിടെ അപ്രതീക്ഷിതമായി ദൃശ്യമായ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രാലയം ഉടനടി നടപടികൾ സ്വീകരിച്ചത്. പ്രാഥമിക അന്വേഷണങ്ങളുടെ ഭാഗമായി സ്റ്റുഡിയോ മാനേജരെ സസ്പെൻഡ് ചെയ്യാനും, തകരാറിന്റെ കാരണം കണ്ടെത്താനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും വിശദമായ സാങ്കേതിക അന്വേഷണം നടത്താനുമാണ് തീരുമാനം.
വിവര മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ, പൊതുജനങ്ങൾക്ക് കൃത്യവും തടസ്സമില്ലാത്തതുമായ വിവരങ്ങൾ ലഭ്യമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും, സംപ്രേക്ഷണ നിലവാരം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അറിയിച്ചു. അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.