കുവൈറ്റ് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളിലെ പ്രധാന സംഭവവികാസങ്ങളെക്കുറിച്ച് അംബാസഡർ അദ്ദേഹത്തെ ധരിപ്പിച്ചു.
കൂടിക്കാഴ്ചയിൽ, കുവൈറ്റിലുള്ള ഇന്ത്യൻ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അംബാസഡർ പ്രത്യേകം ഉന്നയിച്ചു. ഇന്ത്യൻ സമൂഹത്തിന്റെ താൽപ്പര്യങ്ങളും ആവശ്യങ്ങളും അദ്ദേഹം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിനും ഈ കൂടിക്കാഴ്ച സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അംബാസഡർ പറഞ്ഞു.