കുവൈത്ത് സിറ്റി: കുവൈത്തിൽ അവധിക്കാലം ആരംഭിച്ചതോടെ ട്രാഫിക് നിയമലംഘനങ്ങൾ വർധിക്കുന്നു. ലൈസൻസില്ലാതെ ഇരുചക്രവാഹനങ്ങൾ ഓടിച്ച 37 കുട്ടികളെ ട്രാഫിക് പൊലിസ് പിടികൂടി. ഇതോടെ ഇവരെ ചെറുപ്പക്കാർക്കായുള്ള പ്രത്യേക കോടതിയിൽ ഹാജരാക്കിയതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഒരു ആഴ്ചയ്ക്കുള്ളിൽ നടത്തിയ വ്യാപക പരിശോധനകളിൽ 18,741 ട്രാഫിക് നിയമലംഘനങ്ങൾ അധികൃതർ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. പരിശോധനയുടെ ഭാഗമായി 46 കാറുകളും 57 ബൈക്കുകളും പൊലിസ് പിടിച്ചെടുത്തു.
അമലിൽക്കൂടി വാഹനം ഓടിച്ച മൂന്ന് പേരെയും തിരിച്ചറിയൽ രേഖകളില്ലാതെ യാത്ര ചെയ്ത 22 പേരെയും കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ട് ചെയ്യുന്നു. റെസിഡൻസി നിയമം ലംഘിച്ചതിന് 116 വിദേശികൾ അറസ്റ്റിലായി.
അതേസമയം, കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെയും ഡ്രഗ്സ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്നു കൈവശംവച്ചതുമായി ബന്ധപ്പെട്ട് 46 പേരെ അറസ്റ്റ് ചെയ്തു. ഇവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി അധികൃതർ വ്യക്തമാക്കി.
അവധിക്കാലത്തിൽ കുട്ടികളുടെ സുരക്ഷയും, ട്രാഫിക് നിയന്ത്രണവും ഉറപ്പാക്കുന്നതിന് രക്ഷിതാക്കൾക്ക് പ്രത്യേക ജാഗ്രത വേണമെന്നും അധികൃതർ അറിയിച്ചു.