കുവൈത്ത് സിറ്റി: ജൂലൈ 14 മുതൽ കുവൈത്തി പൗരന്മാർക്ക് ഇന്ത്യയിലേക്കുള്ള ഇ-വിസ സംവിധാനം പ്രാബല്യത്തിൽ വന്നു. അഞ്ച് വർഷം വരെ കാലാവധിയുള്ള ഇ-വിസകൾ ഓൺലൈൻ വഴി അപേക്ഷകർക്ക് ലഭ്യമാകും.
ഇതോടെ ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന കുവൈത്തികൾക്ക് വിസ നടപടികൾക്കായി എംബസിയോ വിസ സെന്ററുകളോ സന്ദർശിക്കേണ്ടതില്ല.
ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയാണ് വാർത്താ സമ്മേളനത്തിൽ പുതിയ സംവിധാനം പ്രഖ്യാപിച്ചത്. ദീർഘകാലമായി കുവൈത്തി പൗരന്മാർ ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഒരു സൗകര്യമാണിത്. കഴിഞ്ഞ വർഷം 8,000-ത്തിലധികം കുവൈത്തി ടൂറിസ്റ്റുകൾ ഇന്ത്യ സന്ദർശിച്ചിരുന്നു.
പുതിയ ഇ-വിസ സംവിധാനം ടൂറിസം, ബിസിനസ്, ആരോഗ്യ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട യാത്രകളെ കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇ-വിസയുടെ പ്രധാന സവിശേഷതകൾ
പുതിയ ഇ-വിസ സംവിധാനം അഞ്ച് വിഭാഗങ്ങളിലായാണ് ലഭ്യമാകുന്നത്:
* വിഭാഗങ്ങൾ: ടൂറിസ്റ്റ്, ബിസിനസ്, മെഡിക്കൽ, ആയുഷ്/യോഗ, കോൺഫറൻസ്.
* കാലാവധി: ആറ് മാസം മുതൽ അഞ്ച് വർഷം വരെ കാലാവധിയുള്ള വിസകൾ ലഭ്യമാകും. ഈ വിസകൾ ഉപയോഗിച്ച് ഇന്ത്യയിലേക്ക് നിരവധി തവണ യാത്ര ചെയ്യാൻ സാധിക്കും.
* ഓൺലൈൻ അപേക്ഷ: വിസയ്ക്ക് പൂർണ്ണമായും ഓൺലൈൻ വഴി അപേക്ഷിക്കാം. ഓൺലൈൻ ഇടപാടുകൾ കൈകാര്യം ചെയ്യാൻ അറിയാത്തവർക്ക് വിസ കേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കാനും സൗകര്യമുണ്ട്.
* വിസ ഫീസ്: വിസ ഫീസ് 40 ഡോളർ മുതൽ പരമാവധി 80 ഡോളർ വരെയാണ്. യാത്ര പുറപ്പെടുന്നതിന് നാല് ദിവസം മുമ്പെങ്കിലും ഫീസ് അടച്ചിരിക്കണം.