കുവൈറ്റ്: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) ഓണാഘോഷത്തിന്റെ ഭാഗമായി പുതുമയാർന്ന പരിപാടികൾ ഒരുക്കി "പാലക്കാടൻ മേള 2025" എന്നപേരിൽ നടത്തപ്പെടും.
പരിപാടിയുടെ പോസ്റ്റർ പ്രകാശനം ജൂലൈ 25 വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് ദജീജിലുള്ള മെട്രോ കോർപ്പറേറ്റ് ഓഫീസ് ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. പൽപക് പ്രസിഡണ്ട് രാജേഷ് പരിയാരത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പരിപാടിയുടെ മുഖ്യ സ്പോൺസർ മെട്രോ മെഡിക്കൽ ഗ്രൂപ്പ് പ്രതിനിധിയും സംബന്ധിച്ചു.
പാലക്കാടൻ മേളയുടെ പോസ്റ്റർ പ്രകാശനം കൺവീനർ ശിവദാസ് വാഴയിൽ, ജോയിന്റ് കൺവീനർ പ്രേംരാജ്, സുവനീർ കൺവീനർ ജയൻ നമ്പ്യാർ എന്നിവർ ചേർന്ന് മെട്രോ ഗ്രൂപ് മാർക്കറ്റിങ് വിഭാഗം മേധാവി ബഷീർ ബാത്തക്ക് നൽകി നിർവഹിച്ചു.
ഒക്ടോബർ 3, 2025 വെള്ളിയാഴ്ച അബ്ബാസിയ ആസ്പെയർ സ്‌കൂളിൽ വച്ച് നടത്തപ്പെടുന്ന ഓണാഘോഷപരിപാടിയിൽ പ്രശസ്‌തനായ ഐ.എ.എസ് ഓഫീസറും കേരളത്തിൻ്റെ നിലവിലെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. രാജുനാരായണ സ്വാമി പങ്കെടുത്ത് സാംസ്കാരിക സമ്മേളനം ഉത്ഘാടനം ചെയ്യും.
കലോത്സവ വേദികളിൽ രുചിയുടെ ലോകം തീർത്ത കേരളക്കരക്ക് സുപരിചിതമായ പഴയിടത്തിൻ്റെ ഓണസദ്യയാണ് ഇത്തവണ യദു പഴയിടത്തിന്റെ നേതൃത്വത്തിൽ ഒരുക്കി തീർക്കുക.
കൂടാതെ ദൃശ്യവിസ്മയങ്ങൾ ഒരുക്കാൻ ഐഡിയ സ്റ്റാർസിംഗർ പരിപാടിയിലൂടെ പ്രശസ്തനായ ഗായകൻ പ്രശോഭ് & ടീമിന്റെ നേതൃത്വത്തിൽ ശ്രീരാഗം ബാൻഡ് അണിയിച്ചൊരുക്കുന്ന സംഗീത സായാഹ്നം അരങ്ങേറും.
ജനറൽ സെക്രട്ടറി (ആക്ടിങ്) സി.പി ബിജു, രക്ഷാധികാരി പി. എൻ കുമാർ, ട്രെഷറർ മനോജ് പരിയാനി, മറ്റു കേന്ദ്രകമ്മിറ്റി, ഏരിയ കമ്മിറ്റി ഭാരവാഹികൾ പോസ്റ്റർ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു. പ്രവേശനം തികച്ചും സൗജന്യമായ ഈ പരിപാടിക്ക് കുവൈറ്റിലെ മലയാളി പ്രവാസി സമൂഹത്തിലെ എല്ലാ ആളുകളുടെയും സഹകരണം ഉണ്ടാവണമെന്ന് പ്രസിഡന്റ് രാജേഷ് പരിയാരത്ത് അഭ്യർത്ഥിച്ചു.