കുവൈത്ത് സിറ്റി: കുവൈത്തിൽ രാജ്യവ്യാപകമായി നടന്ന സുരക്ഷാ പരിശോധനയിൽ റെസിഡൻസി നിയമം, തൊഴിൽ നിയമം എന്നിവ ലംഘിച്ച 153 പേരെ അറസ്റ്റ് ചെയ്തു.
ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അൽ സബാഹിന്റെ നിർദേശപ്രകാരം നടത്തിയ പരിശോധന വിവിധ ഉയർന്ന ജനസാന്ദ്രതയുള്ള പ്രദേശങ്ങളായ ഹവല്ലി, മൈദാൻ ഹവല്ലി, സൽമിയ, ജഹ്‌റ, ജ്ലീബ് അൽ ഷുയൂഖ് എന്നിവിടങ്ങളിലാണ് നടന്നത്.
അഭ്യന്തര മന്ത്രാലയ അണ്ടർസെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനിയുടെ മേൽനോട്ടത്തിൽ റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്‌മെന്റ് നടത്തിയ പരിശോധനയിലാണ് 153 പേർ പിടിയിലായത്. റെസിഡൻസി നിയമ ലംഘകരോടൊപ്പം, സുരക്ഷാ സംബന്ധമായ കേസുകളിൽ പ്രതികളായവരും ഇവരിലുണ്ട്.
നിയമലംഘനങ്ങളിൽ തൊഴിലാളികളോടൊപ്പം തൊഴിലുടമകൾക്കും നിയമപരമായ നടപടികൾ നേരിടേണ്ടിവരുമെന്നും, ഇത്തരം കാര്യങ്ങളിൽ കർശന നടപടി പാലിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.