കുവൈത്ത് സിറ്റി: കുവൈത്തിൽ സിവിൽ ഐ ഡി കാർഡുകളിൽ വ്യക്തികളുടെ സ്വകാര്യ ഫോട്ടോ ചേർക്കുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനുമായി പുതിയ ഇ-സേവനം ആരംഭിച്ചു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
രാജ്യത്തെ എല്ലാ സ്വദേശികൾക്കും പ്രവാസികൾക്കും സഹ്ൽ ആപ്പ് വഴി ഈ സേവനം ലഭ്യമാകും. നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും ഇടപാടുകൾ വേഗത്തിലാക്കുന്നതിനും ലക്ഷ്യമിട്ട് കൊണ്ടാണ് പുതിയ സേവനം ആരംഭിച്ചത്.
സർക്കാർ ഓഫീസുകൾ സന്ദർശിക്കാതെ തന്നെ ഉപയോക്താക്കൾക്ക് ഇപ്പോൾ ഇലക്ട്രോണിക് ആയി ഈ അപേക്ഷകൾ സമർപ്പിക്കാൻ കഴിയും. അപേക്ഷ സമർപ്പിക്കുന്നതിന് താഴെ പറയുന്ന നാല് ഘട്ടങ്ങളാണ് പിന്തുടരേണ്ടത്.
1. “Sahl” ആപ്പിൽ ലോഗിൻ ചെയ്ത് “വ്യക്തിഗത സേവനങ്ങൾ” തിരഞ്ഞെടുക്കുക.
2. പ്രൊഫൈൽ ചിത്രം ചേർക്കൽ/അപ്ഡേറ്റ് ചെയ്യൽ സേവനം തിരഞ്ഞെടുക്കുക.
3. ആവശ്യമായ രേഖകൾ (വ്യക്തിഗത ഫോട്ടോയും സിവിൽ ഐഡിയും) അറ്റാച്ചുചെയ്യുക.
4. ഇടപാട് സമർപ്പിച്ച ശേഷം അപേക്ഷാ നമ്പർ സ്വീകരിക്കുക.
ഈ സേവനം അവലോകനത്തിനും പരിശോധനകൾക്കും വിധേയമായിരിക്കുമെന്നും. അപേക്ഷ പ്രോസസ്സ് ചെയ്തുകഴിഞ്ഞാൽ ഉപയോക്താക്കളെ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.