/sathyam/media/media_files/2025/08/04/download-9-2025-08-04-23-51-14.webp)
കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശന വിസാ നയങ്ങൾക്ക് മാറ്റം. കുവൈത്തിലെ ആഭ്യന്തര മന്ത്രി കൂടിയായ പ്രധാന ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സഊദ് അൽ സബാഹ് പ്രഖ്യാപിച്ച പുതിയ നടപടികൾ അനുസരിച്ച്, സന്ദർശകർക്കായി മൂന്ന് മാസം കാലാവധിയുള്ള വിസ അനുവദിക്കപ്പെടും, കൂടാതെ ഇത് ആറ് മാസം മുതൽ ഒരു വർഷം വരെ വിപുലീകരിക്കാനും അവസരമുണ്ടാകും.
പൗരന്മാരുടെയും പ്രവാസികളുടെയും അഭിപ്രായങ്ങൾ അടിസ്ഥാനമാക്കി ‘കുവൈത്ത് വിസ’ പ്ലാറ്റ്‌ഫോമിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നുള്ള നിർദേശങ്ങൾ അധികൃതർക്ക് നൽകിയതായും, ഈ മാറ്റങ്ങൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം അറിയിച്ചു.
പ്രധാന മാറ്റങ്ങൾ:
✅ സന്ദർശകര്ക്ക് ഇനി താൽക്കാലികമായി മൂന്നുമാസം രാജ്യത്ത് താമസിക്കാം.
✅ സന്ദർശന വിസ പരമാവധി ഒരു വർഷം വരെ നീട്ടാവുന്നതാണ്. ആവശ്യമായ ഫീസ് മാത്രം അടയ്ക്കുകയേ വേണ്ടൂ.
✅ ഇനിമുതൽ കുവൈത്തിൽ പ്രവേശിക്കാൻ കുവൈറ്റ് ആസ്ഥാനമാക്കിയ വിമാനക്കമ്പനികൾ ഉപയോഗിക്കേണ്ടതില്ല.
✅ വലിയ അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിക്കും. പിന്മാറിയ വിമാനക്കമ്പനികളെ തിരികെ എത്തിക്കും.
യാത്രക്കാർക്കുള്ള ആനുകൂല്യങ്ങൾ:
ലോകമാകെയുള്ള യാത്രക്കാർക്കും കുവൈത്തിൽ താമസിക്കുന്ന പ്രവാസികളുടെയും കുടുംബാംഗങ്ങൾക്കുമായി കുവൈത്തിൽ വരാനുള്ള പ്രവേശന വഴികൾ കൂടുതൽ ലളിതവും സൗകര്യപ്രദവുമാകും. നേരത്തെ കഠിനമായിരുന്ന നിയമങ്ങൾ ഇത്തവണ പുതിയ സമീപനത്തിലേക്ക് മാറുന്നതിന്റെ സൂചനയാണിത്.
കുവൈത്ത് ആഗോള ടൂറിസം-വ്യാപാര കേന്ദ്രമായി മാറ്റാനുള്ള ശ്രമങ്ങൾ ഇതിലൂടെ കൂടുതൽ ശക്തിപ്പെടുകയാണ്. പുതിയ മാറ്റങ്ങൾ പ്രവാസികൾക്കും കുവൈത്തിൽ താൽക്കാലികമായി താമസിക്കാനാഗ്രഹിക്കുന്ന സന്ദർശകർക്കും വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
വിസാ അപേക്ഷകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: https://www.kuwaitvisa.com