/sathyam/media/media_files/2025/08/05/3197684a-f0f2-4caa-8623-39f652b968eb-2025-08-05-22-23-08.jpg)
കുവൈറ്റ് സിറ്റി: ശുവൈബ തുറമുഖത്ത് ഒഴിഞ്ഞ കണ്ടെയ്‌നറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മദ്യം പിടികൂടി. സംയുക്ത പരിശോധനയിൽ, വൻ മദ്യ ശേഖരമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു.
കണ്ടെയ്‌നർ തുറമുഖത്ത് എത്തിയപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. രേഖകളിൽ ഒഴിഞ്ഞ കണ്ടെയ്‌നർ എന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും, വിശദമായ പരിശോധനയിൽ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ കണ്ടെത്തുകയായിരുന്നു.
കണ്ടെയ്‌നർ കണ്ടുകെട്ടുന്നതിന് പകരം, ഉദ്യോഗസ്ഥർ അത് നിരീക്ഷണത്തിലാക്കി. കണ്ടെയ്‌നർ അഹ്‌മദി ഏരിയയിലെ ഒരു ഗോഡൗണിലേക്ക് മാറ്റിയതായി കണ്ടെത്തി. തുടർന്ന് നടത്തിയ ആസൂത്രിതമായ നീക്കത്തിലൂടെ മദ്യ ശേഖരം കൈപ്പറ്റാനെത്തിയ രണ്ട് ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ, ഇന്ത്യയിലുള്ള ഒരാളുടെ നിർദ്ദേശപ്രകാരമാണ് മദ്യം വിതരണം ചെയ്യാൻ ശ്രമിച്ചതെന്ന് പ്രതികൾ സമ്മതിച്ചു. സംഭവത്തിൽ നിയമനടപടികൾ പുരോഗമിക്കുകയാണ്.
രാജ്യത്തിന്റെ സുരക്ഷയ്ക്കും സമൂഹത്തിനും ഭീഷണിയാകുന്ന എല്ലാത്തരം കള്ളക്കടത്തും കർശനമായി നേരിടുമെന്ന് അധികൃതർ അറിയിച്ചു.