കുവൈത്തിൽ സൈബർ ആക്രമണം ലക്ഷ്യമിട്ട നൈജീരിയൻ സംഘം പിടിയിൽ. പ്രതികൾ വ്യാജ സന്ദേശങ്ങൾ അയച്ച് പണം തട്ടാനും ശ്രമിച്ചതായി ആഭ്യന്തര മന്ത്രാലയം

New Update
6962c454-78c4-450e-98a9-b7207c264a71

കുവൈത്ത് സിറ്റി: രാജ്യത്തെ സൈബർ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തിയ നീക്കത്തിൽ, ടെലികോം ടവറുകളും ബാങ്കിങ് മേഖലയും ലക്ഷ്യമിട്ട് സൈബർ ആക്രമണങ്ങൾ ആസൂത്രണം ചെയ്ത അന്താരാഷ്ട്ര സംഘത്തെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

Advertisment

നൈജീരിയൻ പൗരത്വമുള്ള രണ്ട് പ്രതികളാണ് അറസ്റ്റിലായത്. ടെലികമ്യൂണിക്കേഷൻ അതോറിറ്റിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് നിർണായകമായത്. 

ടെലികോം നെറ്റ്‌വർക്കുകൾ സൈബർ ആക്രമണങ്ങൾക്ക് വിധേയമാകുന്നുണ്ടെന്നായിരുന്നു റിപ്പോർട്ട്. തുടർന്ന്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിലെ സൈബർ ക്രൈം വിഭാഗം അന്വേഷണം ഏറ്റെടുത്തു.

അന്വേഷണത്തിൽ, സംഘം അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങളും സാങ്കേതിക മാർഗ്ഗങ്ങളും ഉപയോഗിച്ച് നെറ്റ്‌വർക്കുകൾ ഹാക്ക് ചെയ്യാൻ ശ്രമിച്ചതായി കണ്ടെത്തി. കൂടാതെ, ബാങ്കുകളുടെ പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ച് ബാങ്കിങ് വിവരങ്ങളും പണവും തട്ടിയെടുക്കാനും ഇവർ ലക്ഷ്യമിട്ടിരുന്നു. 

സിഗ്നൽ ട്രാക്കിങ് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള അന്വേഷണത്തിൽ സംശയാസ്പദമായ സിഗ്നലുകൾ സാൽമിയയിലെ ഒരു വാഹനത്തിൽ നിന്നാണ് വരുന്നതെന്ന് കണ്ടെത്തി.
വാഹനം പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർ വാഹനം ഓടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുകയും നിരവധി വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തു. 

ശക്തമായ ചെറുത്തുനിൽപ്പിനൊടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു. വാഹനത്തിൽ നടത്തിയ പരിശോധനയിൽ അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് തട്ടിപ്പിനുള്ള വസ്തുക്കളും കണ്ടെത്തി.

പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന്, നെറ്റ്‌വർക്കുകൾ ഹാക്ക് ചെയ്യുന്നതിനും വ്യാജ ബാങ്കിങ് സന്ദേശങ്ങൾ അയക്കുന്നതിനും സംഘത്തിന് പങ്കുണ്ടെന്ന് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതിയുടെ ഒളിയിടം കണ്ടെത്തുകയും അവിടെ നിന്ന് കൂടുതൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുക്കുകയും ചെയ്തു. 

ഫോറൻസിക് പരിശോധനകൾക്കായി വിവരങ്ങൾ വിദഗ്ധർക്ക് കൈമാറി. നിയമപരമായ തുടർനടപടികൾക്കായി പ്രതികളെ യും പിടിച്ചെടുത്ത വസ്തുക്കളും അധികാരികൾക്ക് കൈമാറി.

രാജ്യത്തെ സൈബർ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഇലക്ട്രോണിക് തട്ടിപ്പുകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനും ആഭ്യന്തര മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

Advertisment