കുവൈറ്റിൽ 544 മരുന്നുകൾക്ക് വില കുറച്ചു; പ്രമേഹ, ക്യാൻസർ മരുന്നുകൾക്ക് വലിയ ഇളവ്

New Update
1528069-medicine

കുവൈറ്റ് സിറ്റി: ആരോഗ്യമേഖലയിലെ സാമ്പത്തിക കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിനുമുള്ള ദേശീയ തന്ത്രത്തിന്റെ ഭാഗമായി, 544 മരുന്നുകളുടെയും ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെയും വില കുറയ്ക്കാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി തീരുമാനമെടുത്തു. 

Advertisment

ചില മരുന്നുകൾക്ക് 78.5% വരെ വിലക്കുറവ് ലഭിക്കുമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്.
ഈ വിലക്കുറവ് പ്രമേഹം, അമിതവണ്ണം എന്നിവയ്ക്കുള്ള മരുന്നുകളായ "സാക്സെൻഡ", "വൈഗോവി" തുടങ്ങിയവയ്ക്കും ബാധകമാണ്. 

കൂടാതെ, "മൗൺജാറോ" ഇൻജക്ഷനുകളുടെ വില കുറയ്ക്കൽ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായും അറിയിച്ചു.

വില കുറച്ച മരുന്നുകളുടെ പട്ടികയിൽ ക്യാൻസർ മരുന്നുകൾ, ആൻറിബയോട്ടിക്കുകൾ, രക്തസമ്മർദ്ദത്തിനും കൊളസ്ട്രോളിനും വേണ്ടിയുള്ള ചികിത്സകൾ, റുമാറ്റിക് മരുന്നുകൾ, കൂടാതെ ദീർഘകാല രോഗങ്ങൾക്കുള്ള ബയോളജിക്കൽ ചികിത്സകൾ എന്നിവയും ഉൾപ്പെടുന്നു.

"വൈഗോവി" ഇൻജക്ഷന്റെ വില 37.3% കുറച്ചപ്പോൾ "സാക്സെൻഡ"യുടെ വില 20.8% ആണ് കുറച്ചത്. പുതിയ തീരുമാനത്തിലൂടെ 1188 മരുന്നുകളുടെയും ഉൽപ്പന്നങ്ങളുടെയും വില കുറയ്ക്കാൻ സാധിച്ചെന്നും, 

ഇത് പൗരന്മാർക്കും താമസക്കാർക്കും ചികിത്സാ ചെലവുകളിൽ വലിയ സാമ്പത്തിക സഹായം നൽകുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അടിസ്ഥാന മരുന്നുകളുടെ വിലകൾ തുടർച്ചയായി നിരീക്ഷിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Advertisment