/sathyam/media/media_files/2025/07/15/arrest-2025-07-15-21-30-49.jpg)
കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ദാലി അതിർത്തിയിൽ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് നടത്തിയ പരിശോധനയിൽ വൻ ആയുധ ശേഖരം പിടിച്ചെടുത്തു.
രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ലൈസൻസില്ലാത്ത തോക്കുകളും നിരവധി വെടിയുണ്ടകളും പിടിച്ചെടുത്തതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു കുവൈത്ത് പൗരനെയും ഒരു ഇറാഖി പൗരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇറാഖിൽ നിന്ന് കുവൈത്തിലേക്ക് വന്ന ഒരു കുവൈത്ത് പൗരനെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കൽ നിന്ന് ലൈസൻസില്ലാത്ത രണ്ട് ഗ്ലോക്ക് ടൈപ്പ് 9 എംഎം കാലിബർ തോക്കുകളും 50 വെടിയുണ്ടകളും പിടിച്ചെടുത്തു. തുടർ നടപടികൾക്കായി ഇയാളെ സുരക്ഷാ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ, ഇറാഖിലേക്ക് പോവുകയായിരുന്ന ഒരു ഇറാഖി പൗരനാണ് പിടിയിലായത്. ആളുകളെ കൊണ്ടുപോകുന്ന ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാളുടെ വാഹനം വിശദമായി പരിശോധിച്ചപ്പോഴാണ് രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിൽ 1,395 ഷോട്ട്ഗൺ ബുള്ളറ്റുകൾ കണ്ടെത്തിയത്.
പിടിച്ചെടുത്ത ഈ വസ്തുക്കളെല്ലാം ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയതായി കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.
ഇത്തരം ആയുധക്കടത്ത് ശ്രമങ്ങൾ തടയുന്നതിനായി അതിർത്തികളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് കസ്റ്റംസ് പ്രസ്താവനയിൽ അറിയിച്ചു.