/sathyam/media/media_files/2025/08/18/3816f1a4-3203-486a-ac5d-d7bc63e67ced-2025-08-18-22-23-53.jpg)
കുവൈറ്റ്: കടൽമാർഗം രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായത്.
ആഭ്യന്തര മന്ത്രാലയം നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് മയക്കുമരുന്ന് കടത്ത് സംഘം പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
കുവൈത്ത് പൗരന്മാരായ മുഹമ്മദ് ഇബ്രാഹിം മൻസൂർ അൽ-മനാസിർ, നാസർ ജാസിം മുഹമ്മദ് അൽ-മുലൈഫി എന്നിവരും പലസ്തീൻ പൗരനായ വലീദ് മുഹമ്മദ് ഹാസിം ഗരീബയുമാണ് അറസ്റ്റിലായത്.
ഇവരിൽ മുഹമ്മദ് ഇബ്രാഹിം മൻസൂർ അൽ-മനാസിർ ആഭ്യന്തര മന്ത്രാലയത്തിൽ സൈനികനായി ജോലി ചെയ്യുന്നയാളാണ്. നാസർ ജാസിം മുഹമ്മദ് അൽ-മുലൈഫി കസ്റ്റംസ് വിഭാഗം ഉദ്യോഗസ്ഥനുമാണ്. ഉന്നത പദവിയിലുള്ള ഉദ്യോഗസ്ഥർ മയക്കുമരുന്ന് കടത്തിൽ പങ്കാളികളാണെന്നത് ഞെട്ടിക്കുന്ന വിവരമാണ്.
ഇവരിൽ നിന്നും 8 അടച്ച ബാഗുകളിലായി സൂക്ഷിച്ച 319 കഷണങ്ങൾ മയക്കുമരുന്ന് കണ്ടെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 13 ദശലക്ഷം കുവൈത്തി ദിനാർ (ഏകദേശം 350 കോടി ഇന്ത്യൻ രൂപ) വിലവരുമെന്ന് അധികൃതർ അറിയിച്ചു.
പ്രതികളെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.