/sathyam/media/media_files/bGRUqHZV3ApuxLKmA1rI.jpg)
കുവൈത്ത് സിറ്റി: ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നതിൻ്റെ ഭാഗമായി രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ ഒരാഴ്ചക്കിടെ 32,000-ൽ അധികം ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി.
ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് ഈ നടപടികൾ ശക്തമാക്കിയത്.
പരിശോധനാ ഫലങ്ങൾ പുറത്തുവിട്ടതിനനുസരിച്ച്, ഈ ഒരാഴ്ചക്കിടെ 1,041 ട്രാഫിക് അപകടങ്ങളാണ് രാജ്യത്ത് നടന്നത്. ഇതിൽ 196 അപകടങ്ങൾ പരിക്കുകൾക്ക് കാരണമായപ്പോൾ 845 അപകടങ്ങൾ വലിയ സാമ്പത്തിക നഷ്ടം മാത്രം വരുത്തി.
ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച 28 പ്രായപൂർത്തിയാകാത്തവരെ പിടികൂടി ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. കൂടാതെ, കാലാവധി കഴിഞ്ഞ റെസിഡൻസി പെർമിറ്റുകളുള്ള 106 വിദേശികളെയും രേഖകളില്ലാത്ത 34 പേരെയും വിവിധ കേസുകളിൽ പിടികിട്ടാനുള്ള 38 പേരെയും അറസ്റ്റ് ചെയ്തു.
അധികൃതർ നടത്തിയ പരിശോധനയിൽ, കോടതി ആവശ്യപ്പെട്ടതോ മോഷണക്കുറ്റത്തിൽപ്പെട്ടതോ ആയ 64 വാഹനങ്ങൾ പിടിച്ചെടുത്തു. വിവിധ നിയമലംഘനങ്ങൾക്ക് 10 വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു.
രാജ്യത്ത് ട്രാഫിക് നിയമങ്ങൾ നടപ്പാക്കാൻ ഈ ശക്തമായ പരിശോധനകൾ തുടരുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.