/sathyam/media/media_files/2025/08/23/30b1c326-d1ce-4457-b472-7978f16ee8ed-2025-08-23-18-22-04.jpg)
കുവൈത്ത്: ടെലികമ്മ്യൂണിക്കേഷൻസ്, വ്യോമയാനം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനായി കുവൈത്ത് എയർവേയ്‌സും കുവൈത്ത് ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി (എസ്‌ടിസി)യും കരാറിൽ ഒപ്പുവെച്ചു.
പൊതു, സ്വകാര്യ മേഖലകളുമായി സഹകരണം മെച്ചപ്പെടുത്താനുള്ള കുവൈത്ത് എയർവേയ്‌സിൻ്റെ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് കുവൈത്ത് എയർവേയ്‌സ് ചെയർമാൻ അബ്ദുൽ മൊഹ്‌സെൻ അൽ ഫഗാൻ പറഞ്ഞു.
വിവരസാങ്കേതികവിദ്യ, നിർമ്മിതബുദ്ധി, വ്യോമഗതാഗതം തുടങ്ങിയ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാങ്കേതികവിദ്യയുടെ കൈമാറ്റം, ഡിജിറ്റൽ സംവിധാനങ്ങളുടെ വികസനം, നൂതന ആശയവിനിമയ പരിഹാരങ്ങൾ എന്നിവ കരാറിൻ്റെ പ്രധാന ഭാഗങ്ങളാണ്.
കൂടാതെ, കുവൈത്ത് എയർവേയ്‌സ് ജീവനക്കാരുടെ കാര്യക്ഷമതയും സേവന നിലവാരവും വർദ്ധിപ്പിക്കുന്നതിനുള്ള പരിശീലന പരിപാടികളും ഇതിൽ ഉൾപ്പെടുന്നു.
ഈ കരാറിലൂടെ ഇരു സ്ഥാപനങ്ങളുടെയും ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. എസ്‌ടിസി ഉപഭോക്താക്കൾക്ക് കുവൈത്ത് എയർവേയ്‌സിൻ്റെ ഒയാസിസ് ക്ലബ് കാർഡ് ലഭ്യമാക്കുമെന്നും കരാറിൽ പറയുന്നു.
കരാർ കുവൈത്തിൻ്റെ ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കുമെന്നാണ് എസ്‌ടിസി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മൊആതാസ് അൽ ദറാബ് വ്യക്തമാക്കിയത്.