/sathyam/media/media_files/2025/08/24/1370805-kwt-2025-08-24-18-53-29.webp)
കുവൈത്ത് സിറ്റി: രാജ്യത്ത് വിഷം കലർന്ന മദ്യം നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തവർക്കെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ശക്തമായ നടപടി തുടങ്ങി.
നിരവധി പേരുടെ മരണത്തിന് കാരണമായ സംഭവങ്ങളെ തുടർന്നാണ് കുറ്റവാളികളെ പിടികൂടാൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് വ്യാപകമായ റെയ്ഡുകൾ നടത്തിയത്.
ഈ സംഭവത്തിലെ പ്രധാന പ്രതികളെ കണ്ടെത്താൻ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വ്യാജ മദ്യനിർമ്മാണ ശാലകൾക്ക് ആവശ്യമായ രാസവസ്തുക്കൾ എത്തിച്ചുകൊടുക്കുന്ന റാക്കറ്റിനെക്കുറിച്ചും അന്വേഷണത്തിൽ സൂചന ലഭിച്ചു.
കേസിലെ പ്രധാന പ്രതികളിൽ ഒരാളായ സിദ്ദീഖ് മുഹമ്മദ് ഈദ് എന്ന ഈജിപ്ഷ്യൻ പൗരൻ ഒളിവിലാണ്. ഇയാളെ പിടികൂടാൻ ഈജിപ്ഷ്യൻ അധികാരികളുമായി ചേർന്ന് നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
റെയ്ഡിനിടെ, 25 ലിറ്ററിൻ്റെ 340 പ്ലാസ്റ്റിക് പാത്രങ്ങളിലായി സൂക്ഷിച്ചിരുന്ന രാസവസ്തുക്കൾ പിടിച്ചെടുത്തു. അതീവ അപകടകാരികളായ ഈ രാസവസ്തുക്കൾ സ്ഫോടന സാധ്യതയുള്ളതാണെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സൂക്ഷിച്ചിരുന്നതെന്നും കണ്ടെത്തി.
ഇത്തരം രാസവസ്തുക്കളുടെ സാന്നിധ്യം തീപിടിത്തം, സ്ഫോടനങ്ങൾ തുടങ്ങിയ അപകടങ്ങൾക്ക് കാരണമാകാമെന്നും ഇത് ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയാണെന്നും അധികൃതർ വ്യക്തമാക്കി.
ഈ ഓപ്പറേഷനിൽ അഗ്നിശമന സേന, വാണിജ്യ-വ്യവസായ മന്ത്രാലയം, മുനിസിപ്പാലിറ്റിയും സംയുക്തമായമാണ്. പരിശോധന നടത്തിയത്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമം നടപ്പാക്കുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഇത്തരം കുറ്റകൃത്യങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.