/sathyam/media/media_files/2025/08/29/ef49f52e-1251-4366-84c1-135c9d2647f3-2025-08-29-12-43-08.jpg)
കുവൈറ്റ് സിറ്റി: വ്യാജരേഖകൾ ഉപയോഗിച്ച് വാണിജ്യ ലൈസൻസുകൾ അനധികൃതമായി കരസ്ഥമാക്കിയ വൻ സംഘത്തെ കുവൈറ്റ് സുരക്ഷാ വിഭാഗം പിടികൂടി. സിവിൽ ഐഡന്റിഫിക്കേഷൻ അതോറിറ്റിയുടെ (സിവിൽ) സഹകരണത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
തട്ടിപ്പുസംഘം വ്യാജ രേഖകൾ ഉപയോഗിച്ച് കമ്പനികൾക്കായി തൊഴിൽ പെർമിറ്റുകൾ തരപ്പെടുത്തിക്കൊടുക്കുകയും, ഇതിനായി വൻ തുക കൈക്കൂലിയായി വാങ്ങുകയും ചെയ്തിരുന്നു. രഹസ്യാന്വേഷണ വിഭാഗം നടത്തിയ പരിശോധനയിൽ, ഹവല്ലി ഗവർണറേറ്റിലെ സിവിൽ അതോറിറ്റിയിലെ സ്വദേശി പൗരനായ ഒരു മാനേജർക്ക് ഇതിൽ പങ്കുണ്ടെന്ന് കണ്ടെത്തി.
ഇയാൾ ഒരു ഇടനിലക്കാരൻ വഴി തട്ടിപ്പ് നടത്തിയെന്നാണ് പോലീസ് പറയുന്നത് ഒരു സ്വദേശി പൗരൻ അടക്കം 8 പേരെ യാണ് അറസ്റ്റ് ചെയ്തത് ഓരോ ഇടപാടിനും 130 മുതൽ 250 കുവൈറ്റ് ദിനാർ വരെയാണ് സംഘം കൈക്കൂലി വാങ്ങിയിരുന്നത്. തുടർന്ന് ഇടനിലക്കാരനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ, സിവിൽ അതോറിറ്റിയിലെ ഉദ്യോഗസ്ഥനാണ് തനിക്ക് രേഖകൾ കൈമാറിയതെന്ന് ഇയാൾ സമ്മതിച്ചു.
ഈ ഉദ്യോഗസ്ഥൻ ഒരു പ്രിന്റിംഗ് പ്രസ്സിൽ ജോലി ചെയ്യുന്ന മറ്റൊരാൾക്ക് രേഖകൾ കൈമാറിയിരുന്നു. ഇയാൾ യഥാർത്ഥ വിവരങ്ങൾ തിരുത്തി, "സഹൽ" എന്ന സർക്കാർ പ്രോഗ്രാം വഴി വ്യാജരേഖകൾ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ഓരോ വ്യാജരേഖയ്ക്കും അഞ്ച് ദിനാർ വീതമാണ് പ്രതിഫലം വാങ്ങിയിരുന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.