കുവൈത്തിൽ അനധികൃത പണമിടപാട് ശൃംഖലയെ തകർത്തു; 6 ഈജിപ്ഷ്യൻ പൗരന്മാരും 2 കുവൈത്ത് പൗരന്മാരും അറസ്റ്റിൽ

New Update
arrest

കുവൈത്ത്: കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഫോർ കോംബാറ്റിംഗ് ടെററിസം ആൻഡ് മണി ലോണ്ടറിങ് വിഭാഗവും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 6 ഈജിപ്ഷ്യൻ പൗരന്മാരെയും 2 കുവൈത്ത് പൗരന്മാരെയും ഉൾപ്പെടുത്തിയ അനധികൃത പണമിടപാട് ശൃംഖല തകർത്തു.

Advertisment

“ആൾട്ടർനേറ്റീവ് റിമിറ്റൻസ് സിസ്റ്റംസ്” എന്നറിയപ്പെടുന്ന അനധികൃത മാർഗങ്ങളിലൂടെ ഔദ്യോഗിക ബാങ്കിംഗ് സംവിധാനങ്ങളെ മറികടന്ന് പണം കൈമാറുന്നതിൽ ഇവർ ഏർപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. 

ഇതിലൂടെ അധികാരികളുടെ മേൽനോട്ടം ഒഴിവാക്കുകയും ആവശ്യമായ ലൈസൻസില്ലാതെ ബാങ്കിംഗ് പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തുവെന്നാണ് വിവരം.

വിവിധ രാജ്യങ്ങളിലെ വ്യാപാരികളുമായി ഏകോപനം നടത്തി വൻതുക പണം നീക്കപ്പെട്ടതായി സുരക്ഷാ അന്വേഷണം തെളിയിച്ചു. ഇതുവഴി ബന്ധപ്പെട്ട രാജ്യങ്ങളുടെ സാമ്പത്തിക സംവിധാനങ്ങൾക്കും ബാങ്കിംഗ് മേഖലയ്ക്കുമുള്ള വിശ്വാസ്യതക്കും ഗുരുതരമായ ബാധ സംഭവിച്ചതായി അധികൃതർ വ്യക്തമാക്കി.

സംശയിതർക്ക് ബന്ധമുള്ള ചില കമ്പനികളും അനധികൃത ഇടപാടുകൾക്കായി വ്യാജ പേരിൽ പ്രവർത്തിപ്പിച്ചിരുന്നതായി കണ്ടെത്തി.

ദേശീയ താൽപര്യങ്ങളെ ബാധിക്കുന്ന കുറ്റകൃത്യമായി ഇതിനെ കണക്കാക്കി, 2013-ലെ മണി ലോണ്ടറിങ്- ഭീകര ഫണ്ടിങ് വിരുദ്ധ നിയമം (നിയമം നമ്പർ 106) പ്രകാരം ശക്തമായ ശിക്ഷയാണ് പ്രതികൾക്ക് ലഭിക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കുവൈത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ വിശ്വാസ്യതയും രാജ്യത്തിന്റെ പ്രാദേശിക-അന്താരാഷ്ട്ര പ്രതിഷ്ഠയും സംരക്ഷിക്കുന്നതിനായി ഇത്തരം നിയമവിരുദ്ധ ശ്രമങ്ങൾക്കെതിരെ ഏറ്റവും കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രാലയം ഉറപ്പുനൽകി.

Advertisment