/sathyam/media/media_files/2025/09/03/cdeea706-30e2-47f7-89f0-0390db4ccc6b-2025-09-03-17-53-00.jpg)
കുവൈറ്റ് സിറ്റി: ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ് പുതിയ സംരംഭമായ 'ലുലു ഡെയ്‌ലി ഫ്രെഷ്' കുവൈത്തിലെ ഹവല്ലിയിൽ തുറന്നു. ടുണിസ് സ്ട്രീറ്റിലുള്ള അൽ ബഹർ സെന്ററിലെ പുതിയ സ്റ്റോർ ബുധനാഴ്ചയാണ് പ്രവർത്തനമാരഭിച്ചത്.
കുവൈത്തിലെ പതിനേഴാമത്തെ ലുലു സ്റ്റോറായ ഇത്, രാജ്യത്ത് ലുലുവിന്റെ സ്വാധീനം വർദ്ധിപ്പിക്കുന്നു. 4,700 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരുക്കിയ ഈ സ്റ്റോറിൽ, പുതിയ പച്ചക്കറികൾ, പഴങ്ങൾ, പലചരക്ക് സാധനങ്ങൾ, പാൽ ഉത്പന്നങ്ങൾ, തണുപ്പിച്ച ഭക്ഷണങ്ങൾ എന്നിവയുൾപ്പെടെ വീടുകളിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ലഭ്യമാണ്. ഹവല്ലിയിലും പരിസര പ്രദേശങ്ങളിലുമുള്ള താമസക്കാർക്ക് അനുയോജ്യമായ രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറകടറുമായ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ വ്യവസായ പ്രമുഖരായ ഫഹദ് അബ്ദുൽറഹ്മാൻ അൽ ബഹർ (വൈസ് ചെയർമാൻ & എക്സിക്യൂട്ടീവ് മാനേജിംഗ് ഡയറക്ടർ), അബ്‌ദുറഹ്മാൻ മുഹമ്മദ് അൽ ബഹർ (പാർട്‌നർ കമ്പനി WLL), ആദിൽ അലി അൽ ബഹർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
ലുലു കുവൈറ്റ് ഡയറക്‌ടർ കെ.എസ്. ശ്രീജിത്, റീജിയണൽ ഡയറക്‌ടർ സക്കീർ ഹുസൈൻ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും മാനേജ്മെന്റ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത്, 300-ൽ അധികം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് സെപ്റ്റംബർ 3 മുതൽ 6 വരെ ഉപഭോക്താക്കൾക്ക് പ്രത്യേക വിലക്കുറവുകളും ആനുകൂല്യങ്ങളും ലഭിക്കും.
ലുലു ഹൈപ്പർമാർക്കറ്റ്, കുവൈത്തിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി സൽമിയയിലെ ലോട്ട് സ്റ്റോർ-വാക്ക്മാൾ, ജാബർ മാൾ, ജാബർ അൽ അഹമ്മദ്, മുബാറക് അൽ കബീർ, അൽ മുത്‌ല സിറ്റി എന്നിവിടങ്ങളിൽ പുതിയ സ്റ്റോറുകൾ ഉടൻ ആരംഭിക്കുമെന്ന് അറിയിച്ചു.
പുതിയ സംരംഭത്തിലൂടെ മികച്ച ഷോപ്പിംഗ് അനുഭവം നൽകുന്നതിനും കുവൈത്തിലെ മുൻനിര റീട്ടെയിൽ ബ്രാൻഡെന്ന നിലയിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ലുലു പ്രതിജ്ഞാബദ്ധമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.