കുവൈത്ത്: അന്താരാഷ്ട്ര നിയമങ്ങളും മാനുഷിക മര്യാദകളും ലംഘിച്ചുകൊണ്ട് ഫലസ്തീൻ ജനതക്കുമേൽ ഇസ്രായേൽ തുടരുന്ന അധിനിവേശവും മനുഷ്യത്വവിരുദ്ധമായ വംശീയഭീകരതയും അവസാനിപ്പിക്കാനും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം യാഥാർത്ഥ്യമാക്കാനും ലോകനേതൃത്വം ഉണർന്നുപ്രവർത്തിക്കണമെന്ന് കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ സംഘടിപ്പിച്ച ഇസ്‌ലാമിക് സ്റ്റുഡൻ്റ്സ് കോൺഫറൻസിൻ്റെ ഉദ്ഘാടന സമ്മേളനം ഒരു പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.
ഔഖാഫ് ഇസ്‌ലാമികകാര്യ മന്ത്രാലയം അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് നാസർ അൽമുതൈരി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഡോ. ജൗഹർ മുനവ്വർ (ന്യൂ ജെൻ ലോകം: നമുക്കും വേണം ചില തിരിച്ചറിവുകൾ), ശരീഫ് കാര (മുസ്‌ലിം: ആദർശം, ജീവിതം, സംസ്കാരം), അബ്ദുസ്സലാം സലാഹി ഈരാറ്റുപേട്ട (ഖുർആൻ പഠനത്തിന് ഒരാമുഖം) എന്നിവർ വിഷയമവതരിപ്പിച്ച് സംസാരിച്ചു.
ഇഹ്‌യാഉത്തുറാസ് ചെയർമാൻ ശൈഖ് താരിഖ് അൽ ഈസ, ഖാറത്തുൽ ഹിന്ദിയ്യ മേധാവി ശൈഖ് ഫലാഹ് അൽമുതൈരി, എന്നിവർ പ്രസംഗിച്ചു. നേർവഴി സ്പെഷ്യൽ പതിപ്പ് ശൈഖ് നാസ്സർ അൽ മുത്വൈരി പ്രകാശനം ചെയ്തു. റംഷാദ് മെട്രോ ഏറ്റുവാങ്ങി.
ഖുർആൻ വിജയികൾക്കുള്ള സമ്മാനങ്ങൾ ശൈഖ് ത്വാരിഖ് സ്വാമി അൽ ഈസ്സ , ശരീഫ് കാര , ജൗഹർ മുനവ്വർ എന്നിവർ വിതരണം ചെയ്തു.
ജൂനിയർ സ്റ്റുഡൻ്റ്സ് മീറ്റിന് സാജു ചെമ്മനാട്, നൗഫൽ സലാഹി എന്നിവർ നേതൃത്വം നൽകി.
ഖുർതുബ ഇഹ്‌യാഉത്തുറാസ് ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ സെൻറർ വൈസ് പ്രസിഡൻ്റ് സി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനാഷ് ശുകൂർ സ്വാഗതവും പ്രോഗ്രാം ചെയർമാൻ അസ്ലം കാപ്പാട് നന്ദി നന്ദിയും പറഞ്ഞു.
ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് മുതിർന്ന വിദ്യാർത്ഥികൾക്കുള്ള ശില്പശാല ആരംഭിക്കും. രജിസ്റ്റർ ചെയ്തിട്ടുള്ള, ഒമ്പതു മുതൽ പന്ത്രണ്ടുവരെ ക്ലാസ്സുകളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കാണ് പ്രവേശനം.