/sathyam/media/media_files/2025/12/02/6721856d-3b5f-4947-91bf-70ddd0cb9162-2025-12-02-16-20-35.jpg)
കുവൈത്ത് സിറ്റി: കാസർഗോഡ് എക്സ്പാട്രിയേറ്റ്സ് അസ്സോസിയേഷൻ (കെ.ഇ.എ) 21ാമത് വാർഷികാഘോഷമായ 'കാസറഗോഡ് ഉത്സവ് 2025' ഡിസംബർ 5, വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. വൈകുന്നേരം 4 മണിമുതൽ രാത്രി 10 മണിവരെയാണ് പരിപാടികൾ അരങ്ങേറുന്നത്.
നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണാർത്ഥം സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഉത്സവത്തിൽ പ്രശസ്ത ഗായകരായ യുംന അജിൻ, ശ്രേയ ജയദീപ്, നൗഫൽ റഹ്മാൻ എന്നിവരും പ്രശസ്ത മിമിക്രി കലാകാരൻ സമദ് തളിപ്പറമ്പും പങ്കെടുക്കും.
കുവൈത്തിലെ പ്രഥമ ജില്ലാ സംഘടനകളിലൊന്നായ കെ.ഇ.എ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കുവൈത്തിലും നാട്ടിലുമായി നിരവധി സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നു. സംഘടനയുടെ പ്രധാന ക്ഷേമ പദ്ധതികൾ ഇവയാണ്:
* വെൽഫെയർ പദ്ധതി: അംഗങ്ങൾ മരണപ്പെട്ടാൽ ആശ്രിതർക്കുള്ള ധനസഹായം, രോഗങ്ങൾ മൂലം കഷ്ടപ്പെടുന്ന അംഗങ്ങൾക്കുള്ള ധനസഹായം എന്നിവ നൽകുന്ന 'ഫാമിലി ബെനിഫിറ്റ് സ്കീം'.
* വിദ്യാഭ്യാസ പ്രോത്സാഹനം: സംഘടനാംഗങ്ങളുടെ മക്കളിൽ 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം നേടുന്നവർക്ക് കെ.ഇ.എ വിദ്യാഭ്യാസ അവാർഡുകൾ നൽകി ആദരിക്കുന്നു.
* സഗീർ തൃക്കരിപ്പൂർ സ്മാരക കുടിവെള്ള പദ്ധതി: സംഘടനയുടെ മുൻ ചീഫ് പാട്രൺ ആയിരുന്ന സഗീർ തൃക്കരിപ്പൂരിൻ്റെ സ്മരണാർത്ഥം നാട്ടിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് കുടിവെള്ള പദ്ധതി വിജയകരമായി നടപ്പാക്കി വരുന്നു.
* കലാ-കായിക പ്രോത്സാഹനം: ഏഴ് ഏരിയകളിൽ സജീവമായി പ്രവർത്തിക്കുന്ന സംഘടന അംഗങ്ങൾക്കായി കലാപരിപാടികൾ, സ്പോർട്സ് മത്സരങ്ങൾ, പിക്‌നിക്കുകൾ, ഓണം-ന്യൂ ഇയർ ആഘോഷങ്ങൾ, നോമ്പുതുറ തുടങ്ങിയവ സംഘടിപ്പിക്കുന്നു.
നാട്ടിലേക്ക് തിരിച്ചുപോയ അംഗങ്ങളെ ഒരുമിച്ചു കൊണ്ടുവരുന്നതിനായി ഹോം കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. കുവൈത്തിലെ കാസറഗോഡ് ഉത്സവത്തിന് സമാനമായി നാട്ടിൽ 'കുവൈത്ത് ഫെസ്റ്റ്' എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നു.
നാട്ടിലുള്ള അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഒരുമിച്ചു കൂടാനുള്ള ഈ വേദിയിൽ വെച്ച് കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണവും കലാകായിക മത്സരങ്ങളും നടക്കാറുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് കെ.ഇ.എ കഴിഞ്ഞ കാലങ്ങളിൽ നടത്തിയിട്ടുള്ളത്.എന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
പത്രസമ്മേളനത്തിൽ മുൻ ചീഫ് പാട്രേൺ സത്താർ കുന്നിൽ, പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി സി എച്ച്, ജനറൽ സെക്രട്ടറി അസീസ് തളങ്കര, ട്രഷറർ ശ്രീനിവാസൻ എൻ വി, ഓർഗനൈസിംഗ് സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട്, പ്രോഗ്രാം ചെയർമാൻ പി എ നാസർ, കൺവീനർ അബ്ദുള്ള കടവത്ത് എന്നിവരും സന്നിഹിതരായിരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us