കുവൈറ്റ്: ഇസ്രായേൽ ഗാസയിൽ നടത്തുന്ന മനുഷ്യത്വ രഹിതമായ സൈനിക നടപടിയിൽ കേരളഅസ്സോസിയേഷൻ യുവകലാസാഹിതി കുവൈറ്റ് എക്സിക്യൂട്ടീവ് യോഗം അപലപിച്ചു.
ലോകരാജ്യങ്ങൾ ഗാസയിൽ സമാധാനത്തിനായി ഇടപെടണമെന്നും കൂട്ടകുരുതികൾ അവസാനിപ്പിക്കാൻ മുൻകൈയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇനി ഒരു യുദ്ധം കൂടി മാനവരാശിക്കുമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന യുദ്ധക്കൊതിയന്മാരെ തിരിച്ചറിഞ്ഞു ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെടുത്തണം. കോവിഡ് നാശം വിതച്ച കെട്ടകാലത്തിനു ശേഷം നടന്നു കൊണ്ടിരിക്കുന്ന റഷ്യ-ഉക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ പൊറുതിമുട്ടി ജീവിക്കുന്നവരായി പൊതുജനം മാറിയിരിക്കുന്നു.
കുട്ടികൾക്ക് നേരെയും സ്ത്രീകൾക്ക് നേരെയും യുദ്ധമുഖത്തു നടക്കുന്ന അതിക്രമങ്ങൾ ഒരു പരിഷ്‌കൃത സമൂഹത്തിനു യോജിച്ചതല്ലെന്ന് അനുദിനം തെളിഞ്ഞു കൊണ്ടിരിക്കുന്നു.കൂട്ടപാലായനങ്ങളും പിടിച്ചടക്കലും ദാരിദ്ര്യവും മാത്രമായി യുദ്ധാനന്തര ലോകം മാറ്റപ്പെടും എന്നുള്ളതും മാനവരാശിയെ ഭീതിയിൽ ആഴ്ത്തപ്പെടുന്നു.
ഇനി ഒരു യുദ്ധം വേണ്ടേ വേണ്ട. മാനവരാശിയുടെ ഐക്യത്തിന് സമാധാനവും സഹവർത്തിത്വവും ഉയർത്തിക്കൊണ്ടു വരേണ്ടത് വികസിത രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും ലക്ഷ്യമായി മാറേണ്ടതാണെന്നും കേരള അസോസിയേഷൻ - യുവകലാസാഹിതി കുവൈറ്റ് സംയുക്ത യോഗം അഭിപ്രായപ്പെട്ടു.
ബേബി ഔസേഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ മണിക്കുട്ടൻ എടക്കാട്ട് സ്വാഗതം പറഞ്ഞു. ജനറൽ കോർഡിനേറ്റർ പ്രവീൺ നന്തിലത്ത്ലോകകേരളസഭാ അംഗം ഉണ്ണിമായ ഉണ്ണികൃഷ്ണൻ മഞ്ജു ,ഷാജി രഘുവരൻ, വിനോദ് വലൂപറമ്പിൽ ശ്രീഹരി,ഷൈലേഷ്, അനിൽ കെ ജി.എന്നിവർ സംസാരിച്ചു.