Advertisment

കുവൈത്ത് കേരള ഇസ്‌ലാഹീ സെൻ്റർ സംഘടിപ്പിക്കുന്ന ഇസ്കോണിന് വെള്ളിയാഴ്ച തുടക്കം

New Update
F

കുവൈറ്റ്: മലയാളി വിദ്യാർത്ഥികൾക്കായി കുവൈത്ത് കേരള ഇസ്‌ലാഹീ സെൻ്റർ സംഘടിപ്പിക്കുന്ന ഇസ്‌ലാമിക് സ്റ്റുഡൻ്റ്സ് കോൺഫറൻസ് (ഇസ്കോൺ) പത്താം എഡിഷൻ നവംബർ 17 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചര മണിക്ക് ഖുർതുബ ഇഹ്‌യാഉത്തുറാസ് ഓഡിറ്റോറിയത്തിൽ ആരംഭിക്കും.

Advertisment

ഔഖാഫ് ഇസ്‌ലാമികകാര്യ മന്ത്രാലയം അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് നാസർ അൽമുതൈരി സമ്മേളനം ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിൽ പ്രമുഖ പരിശീലകനും ഫറൂഖ് ടീച്ചേഴ്സ് ട്രൈനിങ് കോളേജ് പ്രൊഫസർ,

ഡോ. ജൗഹർ മുനവ്വർ (ന്യൂ ജെൻ ലോകം: നമുക്കും വേണം ചില തിരിച്ചറിവുകൾ), യുവപ്രബോധകനും വിസ്ഡം യൂത്ത് സംസ്ഥാന ആലോചനാസമിതിയംഗവുമായ ശരീഫ് കാര (മുസ്‌ലിം: ആദർശം, ജീവിതം, സംസ്കാരം), സെൻ്റർ ദാഈ അബ്ദുസ്സലാം സലാഹി ഈരാറ്റുപേട്ട (ഖുർആൻ പഠനത്തിന് ഒരാമുഖം) എന്നിവർ പ്രഭാഷണങ്ങൾ നിർവഹിക്കും. ഇഹ്‌യാഉത്തുറാസ് ചെയർമാൻ ശൈഖ് താരിഖ് അൽ ഈസ, ഖാറത്തുൽ ഹിന്ദിയ്യ മേധാവി ശൈഖ് ഫലാഹ് അൽമുതൈരി എന്നിവർ സംബന്ധിക്കും. സമാന്തരമായി നടക്കുന്ന ജൂനിയർ സ്റ്റുഡൻ്റ്സ് മീറ്റിൽ കുട്ടികൾക്കുള്ള വിവിധ വിജ്ഞാനവിനോദ പരിപാടികൾ നടക്കും.

ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് മുതിർന്ന വിദ്യാർത്ഥികൾക്കുള്ള ശില്പശാല ആരംഭിക്കും. രജിസ്റ്റർ ചെയ്തിട്ടുള്ള, ഒമ്പതു മുതൽ പന്ത്രണ്ടുവരെ ക്ലാസ്സുകളിൽ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് പ്രവേശനം. പുതുതലമുറക്ക് ജീവിതദിശാബോധത്തിനും വ്യക്തിത്വവികാസത്തിനും പഠനപുരോഗതിക്കും ഉതകുന്ന വിഷയാവതരണങ്ങളും ചർച്ചകളുമാണ് ഉള്ളടക്കം. ജൗഹർ മുനവ്വർ, ശരീഫ് കാര, എക്സ് ആൻ്റ് വൈ അക്കാഡമി ചെയർമാൻ മുഹമ്മദ് അജ്മൽ, അശ്റഫ് എകരൂൽ, ഡോ. യാസിർ പി, ശബീർ സലഫി, സമീർ എകരൂൽ, ശഫീഖ് അബ്ദുറഹീം, സാജിദ് പുതുനഗരം എന്നിവർ വിവിധ സെഷനുകളിൽ സംസാരിക്കും. ഗേൾസ് ഗാതറിങിൽ ഇഹ്‌യാഉത്തുറാസ് വനിതാ വിഭാഗം ദഅവ വിങ് മേധാവി ശൈഖ ശരീഫ അൽ-മുതൈരി സംബന്ധിക്കും. 

കുവൈത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് വാഹനസൗകര്യം ഉണ്ടായിരിക്കും. വിവരങ്ങൾക്ക് 60097850 (രജിസ്ട്രേഷൻ), 97862324 (ട്രാൻസ്പോർട്ട്), 55806788 (മറ്റു വിവരങ്ങൾ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

Advertisment