കുവൈത്ത് സിറ്റി: ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ പദ്ധതി 2025ൽ തുടങ്ങും. ഓരോ അംഗ രാജ്യവും ആവശ്യമായ ചട്ടങ്ങളും വ്യവസ്ഥകളും സംയുക്തമായി ആലോചിച്ച് തീരുമാനം ഉടൻ നടപ്പിലാക്കും. ഇതിനുള്ള വിസ അപേക്ഷകൾ സ്വീകരിക്കുന്നതിനായി ഏകീകൃത പ്ലാറ്റ് ഫോം പുറത്തിറക്കും.
അപേക്ഷകന് വിസ അനുവദിക്കുന്നതിൽ ഏതെങ്കിലും അംഗ രാജ്യത്തിൽ നിന്ന് എതിർപ്പുണ്ടായാൽ ആ രാജ്യത്തേക്ക് പ്രസ്തുത വ്യക്തിക്ക് പ്രവേശനം അനുവദിക്കില്ല. വിസ നിരോധനം നില നിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്കും നിരോധനം ഏർപ്പെടുത്തിയ അംഗ രാജ്യത്തേക്ക് പ്രവേശനം തടയുന്നതായിരിക്കും.
ഏതെങ്കിലും അംഗ രാജ്യങ്ങളിൽ നിന്ന് നാടു കടത്തപ്പെട്ട വ്യക്തികളെ ഇതുമായി ബന്ധപ്പെട്ട് ജി. സി സി രാജ്യങ്ങൾ തമ്മിലുള്ള സുരക്ഷാ കരാറുകൾക്ക് അനുസൃതമായി സ്വമേധയാ പ്രവേശന നിരോധനം ഏർപ്പെടുത്തും. വിസ അനുവദിക്കുന്നതിനു അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ അപേക്ഷകനിൽ നിന്ന് വിസ ഫീസ് ഈടാക്കും.
നിലവിൽ അംഗ രാജ്യങ്ങളിൽ സന്ദർശക വിസക്ക് ഏറ്റവും കുറഞ്ഞ ഫീസ് ഇടാക്കുന്നത് കുവൈത്തിലാണ്. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വിഭാഗം വിവിധ വിഭാഗത്തിൽ ഉൾപ്പെടുന്ന വിസാ ഫീസ് നിരക്ക് ഭേദഗതി ചെയ്യുന്നതിന് പഠന റിപ്പോർട്ട് തയ്യാറാക്കി വരികയാണ്.
അടുത്ത ഡിസംബറിൽ നടക്കുന്ന ദേശീയ അസംബ്ലിയിൽ വിസ ഫീസ് ഭേദഗതി പാർലമെന്റിൽ അവതരിപ്പിച്ചു അംഗീകാരം ലഭിച്ച ശേഷം വിസ ഫീസു നിരക്കുകൾ വർദ്ധിപ്പിക്കുമെന്നാണ് സൂചന.