കുവൈത്ത് :കുവൈത്തിലെ മംഗഫിൽ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ പരിക്കേറ്റ 30 മലയാളികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു സഹായം.
ഒരു ലക്ഷം രൂപ വീതമാണ് സഹായ ധനമായി അനുവദിച്ചത് . അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നേരത്തേ അഞ്ച് ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു.
കഴിഞ്ഞ വർഷം ജൂൺ 12നാണ് കുവൈത്തിലെ മംഗഫിലെ തൊഴിലാളികൾ താമസിച്ചിരുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടുത്തമുണ്ടായത്. പരിക്കേറ്റവരുടെ പട്ടിക തയ്യാറാക്കുന്നതിനും സർക്കാർ സഹായം ലഭ്യമാക്കുന്നതിനും എൻബിടിസി കമ്പനിയുമായി ഏകോപനം നടത്തി നടപടികൾ കൈകൊണ്ടിരുന്നു.
സേവന രംഗത്ത് 'കല' സംഘടനയും അപകടത്തിൽപ്പെട്ടവരുടെ വിവരശേഖരണത്തിനും സഹായം ഉറപ്പാക്കുന്നതിനുമായി നോർക്ക ഹെൽപ്പ് ഡെസ്കും കുവൈത്തിൽ സജീവമായി പ്രവർത്തിച്ചു.
തീപിടുത്തത്തിന് പിന്നാലെ തിരുവനന്തപുരത്ത് ചേർന്ന ലോക കേരള സഭാ സമ്മേളനത്തിലും കുവൈത്തിൽ നിന്നുള്ള ലോക കേരളാ സഭാ അംഗങ്ങൾ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു.
തൊഴിലാളികൾക്ക് സഹായം ഉറപ്പാക്കാനുള്ള സർക്കാർ നടപടികളെ കല കുവൈത്ത് ജനറൽ സെക്രട്ടറി ടി.വി. ഹിക്മത്തും പ്രസിഡണ്ട് മാത്യു ജോസഫും അഭിനന്ദിച്ചു.