കുവൈത്ത്: അധാർമിക ജീവിതം മത നിരാസത്തിലേക്കും, വിശ്വാസവൈകല്യത്തിലേക്കും നയിക്കുമെന്ന് പണ്ഡിതനും വാഗ്മിയുമായ മൗലവി സിറാജ് ബാലുശ്ശേരി പറഞ്ഞു.
കുവൈത്ത് കേരള ഇസ്ലാഹി സെൻ്റർ മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇസ്കോൺ വിദ്യാർത്ഥി സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന പൊതു സമ്മേളനത്തിൽ 'നാളെയുടെ രക്ഷയ്ക്ക് നേരായ പാതയിൽ' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ സംസ്കരണത്തിനും വിശ്വാസ വിശുദ്ധി നിർബന്ധമാണെന്നും, അത് പ്രാവർത്തികമാകണമെങ്കിൽ ദൈവീക നിയമങ്ങൾ അനുസരിച്ച് ജീവിക്കുക എന്നതാണ് പരിഹാര മാർഗമെന്നും സിറാജ് അദ്ദേഹം പറഞ്ഞു.
കുവൈത്ത് മത കാര്യ മന്ത്രാലയം ജാലിയാത്ത് പ്രബോധന വിഭാഗം തലവൻ ഖാലിദ് സിനാൻ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു.
മസ്ജിദ് അൽ കബീർ ഇമാം, ഉമർ അൽ മുഖൈമി, ഔക്കാഫ് മന്ത്രാലയം പ്രതിനിധി
മുഹമ്മദ് അലി എന്നിവർ സമ്മേളനത്തിന് ആശംസ നേർന്നു സംസാരിച്ചു.
ഖുർആൻ വിജ്ഞാന പരീക്ഷയില് വിജയികൾ ആയവർക്ക് ഔക്കാഫ് മന്ത്രാലയം ജാലിയത്ത് പ്രബോധന വിഭാഗം തലവൻ ഖാലിദ് സിനാൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഇസ്കോൺ ക്വിസ്സ് മത്സരത്തിലെ വിജയിക്ക് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻ്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി സമ്മാനം വിതരണം ചെയ്തു.
സന്ദർശനാർഥംകുവൈത്തിൽ എത്തിയ മുസ്തഫ മദനി മമ്പാട് ഖുർആൻ ഹൃദയ വസന്തം എന്ന വിഷയത്തിലും, ഇസ്കോൺ അതിഥിയായി എത്തിയ അബ്ദുറഹ്മാൻ ഫാറൂഖി ചുങ്കത്തറ 'കടമ നിറവേറ്റുന്ന രക്ഷാ കർതൃത്വം' എന്ന വിഷയത്തിലും പവർപോയിൻ്റ് പ്രെസൻ്റേഷനോട് കൂടി പ്രഭാഷണം നടത്തി.
ഇസ്ലാഹി സെൻ്റർ പ്രസിഡൻ്റ് പി.എൻ അബ്ദുൽ ലത്തീഫ് മദനി യുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സെൻ്റർ ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ സ്വാഗതവും, എഡ്യൂക്കേഷൻ അസിസ്റ്റൻ്റ് സെക്രട്ടറി അഷ്റഫ് ഏകരൂൽ നന്ദിയും പറഞ്ഞു.
ഷഫീഖ് മോങ്ങം രണ്ടാം ദിവസം നടക്കുന്ന വിദ്യാർത്ഥി സമ്മേളനത്തിൻ്റെ പ്രാധാന്യം സദസിന് വിശദീകരിച്ചു.