/sathyam/media/media_files/2024/10/21/os9ndi7b0QebWsIN8EDG.jpg)
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ-കല കുവൈറ്റ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ മെഗാ സാംസ്കാരിക മേള ദ്യുതി 2024 ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കല കുവൈറ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഒക്ടോബർ 25ന് ഹവല്ലി പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായി പങ്കെടുക്കും.
വൈകുന്നേരം 3 മണി മുതൽ സാംസ്കാരിക സമ്മേളനത്തോടെയാണ് ദ്യുതി 2024 ആരംഭിക്കുന്നത്.
കല കുവൈറ്റിന്റെ 45-ാമത് പ്രവർത്തന വർഷത്തിന്റെ ഭാഗമായി ആരംഭിച്ച ഭവന നിർമ്മാണ പദ്ധതിയിൽ നിർമ്മാണം പൂർത്തീകരിച്ച കല കുവൈറ്റ് ജലീബ് സി യൂണിറ്റ് അംഗം എറണാകുളം സ്വദേശി ബിന്ദു ശങ്കരന്റെ വീടിന്റെ താക്കോൽ ദ്യുതി 2024 ന്റെ വേദിയിൽ വെച്ച് മുഖ്യാതിഥി ബിന്ദു ശങ്കരന് കൈമാറും.
കല കുവൈറ്റ് കൈത്തിരി രണ്ടാം പതിപ്പിന്റെ പ്രകാശനവും, ബാലകലാ മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ സ്‌കൂളിനും കലാ തിലകം, കലാ പ്രതിഭ എന്നിവ നേടിയ വിദ്യാർത്ഥികൾക്കും കല കുവൈറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളിലെ വിജയികൾക്കുമുള്ള സമ്മാനദാനവും മുഖ്യാതിഥി നിർവഹിക്കും.
/sathyam/media/media_files/2024/10/21/OpoSUpHL5x675kPSy676.jpg)
പ്രശസ്ത പിന്നണി ഗായകരായ സച്ചിൻ ദേവ്, ആര്യ ദയാൽ, അതുൽ നറുകര, അനൂപ് കോവളം എന്നിവർ നയിക്കുന്ന ഗാനസന്ധ്യയും മറ്റ് കലാ പരിപാടികളും വേദിയിൽ അരങ്ങേറും. മെഗാ സാംസ്കാരിക മേളയിൽ കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, മാധ്യമപ്രവർത്തകരും സംബന്ധിക്കും.
പരിപാടിയിലേക്ക് കുവൈറ്റിലെ മുഴുവൻ മലയാളി സമൂഹത്തെയും സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു. അബ്ബാസിയ കാലിക്കറ്റ് ഷെഫ് റസ്റ്റോറന്റിൽ നടന്ന പത്രസമ്മേളനത്തിൽ കല കുവൈറ്റ് പ്രസിഡന്റ് അനുപ് മങ്ങാട്ട്, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു, ദ്യുതി 2024 ജനറൽ കൺവീനർ ജെ സജി, കല കുവൈറ്റ് ട്രഷറർ അനിൽ കുമാർ, വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ്, ജോയിൻ സെക്രട്ടറി ബിജോയ്, മീഡിയ വിഭാഗം സെക്രട്ടറി പ്രജോഷ് എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us