/sathyam/media/media_files/2025/09/09/photos243-2025-09-09-20-03-14.jpg)
കുവൈത്ത് സിറ്റി: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം ഖത്തറിലെ ദോഹയിൽ ആക്രമണം നടത്തി. നഗരത്തിലെ ജനവാസ മേഖലയായ കത്താറയിൽ വെച്ചാണ് ആക്രമണം നടന്നതെന്ന് ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു.
ഹമാസിന്റെ മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും, ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റുമായി സഹകരിച്ചാണ് ഇത് നടത്തിയതെന്നും ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഹമാസിനെതിരായ ആക്രമണങ്ങൾ തുടരുമെന്നും അവർ വ്യക്തമാക്കി.
ജനവാസ കേന്ദ്രത്തിന് തൊട്ടടുത്താണ് സ്ഫോടനം നടന്നതെന്ന് വിവിധ വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ആക്രമണത്തിൽ ആളപായമുണ്ടായോ എന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
സുരക്ഷാ നടപടികൾ അതീവ സങ്കീർണമാണെന്നും, പാർപ്പിടങ്ങൾക്കും കെട്ടിടങ്ങൾക്കും സമീപത്താണ് സ്ഫോടനം നടന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഇസ്രായേലിന്റെ ഈ നടപടിയെ ഖത്തറും മറ്റ് ഗൾഫ് രാജ്യങ്ങളും ശക്തമായി അപലപിച്ചു. ദോഹയിൽ നടന്നത് ഒരു 'ഭീരുത്വപരമായ' ആക്രമണമാണെന്ന് ഖത്തർ വിശേഷിപ്പിച്ചു.
ഈ ക്രിമിനൽ നടപടി എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ലംഘനമാണെന്ന് ഖത്തർ പ്രസ്താവനയിൽ അറിയിച്ചു.
ഹമാസ് രാഷ്ട്രീയ ബ്യൂറോയിലെ നിരവധി അംഗങ്ങൾ താമസിക്കുന്ന പാർപ്പിട കേന്ദ്രങ്ങളെയാണ് ആക്രമണം ലക്ഷ്യമിട്ടതെന്ന് ഖത്തർ വിദേശകാര്യ വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയുണ്ടാക്കുന്ന ഒരു നടപടിയും അനുവദിക്കില്ലെന്നും, ഇസ്രായേലിന്റെ തുടർച്ചയായ കൈയേറ്റങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകുന്നതായും അദ്ദേഹം അറിയിച്ചു.
സംഭവത്തിൽ ഉന്നതതല അന്വേഷണം നടന്നുവരികയാണെന്നും, കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുമെന്നും മജീദ് അൽ അൻസാരി കൂട്ടിച്ചേർത്തു.