Advertisment

കുവൈറ്റിലേയ്ക്ക് മനുഷ്യക്കടത്ത് വീണ്ടും തകൃതി. പണം വാങ്ങാതെ ടിക്കറ്റ് വരെ നല്‍കി അയല്‍ രാജ്യങ്ങള്‍ വഴി കുവൈറ്റിലെത്തിക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ 5 ലക്ഷം വരെ രൂപയ്ക്ക് അറബികള്‍ക്ക് വില്‍ക്കുന്നത് പതിവ്. ഇരയാക്കപ്പെടുന്നവരിലേറെയും കേരളത്തിലെ പിന്നോക്ക ജില്ലകളില്‍ നിന്നുള്ള നിര്‍ധന കുടുംബാംഗങ്ങള്‍

നാട്ടില്‍നിന്നും വീട്ടുജോലിക്കും മറ്റ് ചെറിയ ജോലികള്‍ക്കും എന്നു പറഞ്ഞ് വിശ്വസിപ്പിച്ച് നിര്‍ധന കുടുംബങ്ങളില്‍നിന്നുള്ള സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ കുവൈറ്റിലെത്തിച്ച് വില്‍ക്കുന്നതാണ് തട്ടിപ്പ്.

New Update
human trafficing

കുവൈറ്റ്: ഒരിടവേളയ്ക്ക് ശേഷം നാട്ടില്‍നിന്നും കുവൈറ്റിലേയ്ക്കുള്ള മനുഷ്യക്കടത്ത് വീണ്ടും തകൃതി. മനുഷ്യക്കടത്തിനിരയായി വഞ്ചിക്കപ്പെട്ട് കുവൈറ്റിലകപ്പെട്ട വിരവധിപേര്‍ രക്ഷപെടാനുള്ള മാര്‍ഗം തേടി കുവൈറ്റില്‍ സന്നദ്ധപ്രവര്‍ത്തകരേയും നാട്ടില്‍ പൊതുപ്രവര്‍ത്തകരേയും സമീപിക്കുന്നത് പതിവായി.

Advertisment

നാട്ടില്‍നിന്നും വീട്ടുജോലിക്കും മറ്റ് ചെറിയ ജോലികള്‍ക്കും എന്നു പറഞ്ഞ് വിശ്വസിപ്പിച്ച് നിര്‍ധന കുടുംബങ്ങളില്‍നിന്നുള്ള സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ കുവൈറ്റിലെത്തിച്ച് വില്‍ക്കുന്നതാണ് തട്ടിപ്പ്.

അറബി വീടുകളിലേയ്ക്ക് വീട്ടുജോലിക്കായി മൂന്നര ലക്ഷം മുതല്‍ 5 ലക്ഷം വരെ വാങ്ങിയാണ് ഏജന്‍റുമാര്‍ ആളുകളെ വില്പന നടത്തുന്നത്.

ഇത്തരം വീടുകളിലെത്തി ശമ്പളമോ ഭക്ഷണമോ പോലുമില്ലാതെ കൊടിയ പീഡനം സഹിച്ച് ജോലിചെയ്യേണ്ടി വരുമ്പോഴാണ് തങ്ങള്‍ തട്ടിപ്പിനിരയായ യാഥാര്‍ഥ്യം ഇവരറിയുന്നത്. ഇത്തരത്തില്‍ തട്ടിപ്പിലകപ്പെട്ട ഇടുക്കി സ്വദേശിനിയായ യുവതിയെ കഴിഞ്ഞ ദിവസം സ്ഥലം എംപി ഡീന്‍ കുര്യാക്കോസ് ഇടപെട്ട് എംബസി വഴി രക്ഷപെടുത്തുകയായിരുന്നു.

കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിലെ പിന്നോക്ക പ്രദേശങ്ങളില്‍ നിന്നായി നിരവധി പേരെയാണ് ഇത്തരത്തില്‍ ഏജന്‍റുമാര്‍ കുവൈറ്റിലെത്തിച്ച് വില്പന നടത്തിയിരിക്കുന്നത്.

നിര്‍ധന കുടുംബത്തില്‍നിന്നുള്ളവരും വിദ്യാഭ്യാസം കുറവുള്ളവരുമായ ആളുകളെയാണ് ഏജന്‍റുമാര്‍ ലക്ഷ്യം വയ്ക്കുന്നത്. പണം മുടക്കാതെ കുവൈറ്റില്‍ ഗാര്‍ഹിക വിസ തരപ്പെടുത്തി നല്‍കാം എന്ന് പറഞ്ഞാണ് തട്ടിപ്പ്. ടിക്കറ്റ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ചിലവുകളും ഏജന്‍റ് വഹിക്കും എന്ന് പറയുന്നതോടെ ആളുകള്‍ വിശ്വസിക്കും. ചിലപ്പോള്‍ വീട്ടുചിലവിനുള്ള തുകയും ഇവര്‍ കൊടുക്കും.

വിസിറ്റിംങ്ങ് വിസയിലാണ് ഇവരെ കൊണ്ടുവരുന്നത്. കുവൈറ്റിലേയ്ക്ക് എമിഗ്രേഷന്‍ ഇല്ലാത്തവര്‍ക്ക് വിസ അയച്ചുകൊടുത്ത് നാട്ടില്‍ മെഡിക്കലും പിസിസിയും കുവൈറ്റ് എംബസിയുടെ വിസ അറ്റസ്റ്റേഷനും പൂര്‍ത്തിയാക്കി ആദ്യം വിസിറ്റ് വിസയോ ഇ - വിസയോ വഴി മസ്ക്കറ്റിലോ ദുബായിലോ അജ്‌മാനിലോ എത്തിക്കും.

അവിടെനിന്നാണ് പിന്നീട് കുവൈറ്റിലേയ്ക്ക് കടത്തുന്നത്. വിസിറ്റ് വിസയ്ക്ക് നാട്ടില്‍ നിന്നും എമിഗ്രേഷന്‍ ക്ലിയറന്‍സ് ബാധകമല്ലാത്തതിനാല്‍ ഇത് എളുപ്പത്തില്‍ നടക്കും. വിസിറ്റിംങ്ങ് വിസയില്‍ പോയവര്‍ പോയ സ്ഥലത്തുനിന്ന് മറ്റൊരു രാജ്യത്തേയ്ക്ക് പോകുന്നത് സാങ്കേതികമായി തടയാനും നിലവില്‍ കഴിയില്ല.

ഇക്കാര്യത്തില്‍ നാട്ടിലെ ഭരണ സംവിധാനങ്ങളുടെ ചില പരിമിതികളും തട്ടിപ്പിന് ആക്കം കൂട്ടുന്നുണ്ട്. ഏത് രാജ്യത്തേയ്ക്കും വിസിറ്റിംങ്ങ് വിസയുടെ കാലാവധി 3 മാസമാണ്. ഇങ്ങനെ വിസിറ്റിംങ്ങ് വിസയില്‍ പോകുന്നവര്‍ നിശ്ചിത സമയത്തിനുള്ളില്‍ തിരികെ എത്തുന്നുണ്ടോ എന്ന് പരിശോധിക്കാനും നാട്ടില്‍ സംവിധാനങ്ങളില്ല.

അതേസമയം ഏത് വിസയ്ക്കും പിസിസിയോടൊപ്പം നാട്ടില്‍ ജില്ലാ തലത്തില്‍ കളക്ടറേറ്റില്‍ എമിഗ്രേഷന്‍ വെരിഫിക്കേഷനും പ്രീ ഓറിയന്‍റേഷനും നടപ്പിലാക്കിയാല്‍ പോകുന്നവര്‍ മടങ്ങിയെത്തുന്നുണ്ടോ എന്നറിയാന്‍ നിഷ്പ്രയാസം കഴിയും.

മാത്രമല്ല, ഇത്തരത്തില്‍ ഒരു വിദേശ രാജ്യത്തെത്തുന്ന ഗാര്‍ഹിക തൊഴിലാളികളുടെ കാര്യത്തില്‍ അതാത് എംബസികള്‍ക്കും ഉത്തരവാദിത്വങ്ങളുണ്ട്. ഇവര്‍ക്ക് എംബസിയില്‍ രജിസ്ട്രേഷന്‍ ആവശ്യമാണ്. മാത്രമല്ല, രാജത്ത് പ്രവേശിക്കുമ്പോള്‍ തന്നെ ഇവര്‍ക്ക് റിട്ടേണ്‍ ടിക്കറ്റും നാട്ടിലെ വീട്ടില്‍ ബന്ധപ്പെട്ടവര്‍ മൊബൈല്‍ ഫോണും നല്‍കിയിരിക്കണമെന്നതാണ് വ്യവസ്ഥ. എന്നാല്‍ ഇതൊന്നും പാലിക്കാതെ മറ്റേതെങ്കിലും രാജ്യത്ത് എത്തിച്ചാണ് ഇവരെ കുവൈറ്റിലേയ്ക്ക് കടത്തുന്നത്.

കേരളത്തില്‍ നിന്ന് മനുഷ്യക്കടത്തിന് നേതൃത്വം നല്‍കുന്ന ഏജന്‍റിന്‍റെ ഓഫീസ് പ്രവര്‍ത്തിക്കുക ചെന്നൈയിലാകും. ഓഫീസ് ചെന്നൈയിലാണെങ്കിലും കുവൈറ്റിലിരുന്നാണ് ഇവര്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.

കുവൈറ്റില്‍ ഹാവല്ലി അല്‍ ഗാനിം കമ്പനിയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് വഴിയാണ് ഇടുക്കിയിലെ യുവതിയെ തട്ടിപ്പിനിരയാക്കിയത്.

Advertisment