/sathyam/media/media_files/2025/03/05/7JclAVq9FI81y147EAC5.jpg)
കുവൈറ്റ്: പരിശുദ്ധ റമദാന്‍റെ ചൈതന്യത്തിലേയ്ക്ക് കുവൈറ്റും ഒരുങ്ങി. ഇനി രാജ്യമെങ്ങും പ്രാര്‍ഥനയുടെയും നോമ്പിന്‍റെയും സമര്‍പ്പണത്തിന്റെയും പുണ്യ ദിനങ്ങളാണ്. ജനങ്ങള്‍ ഒന്നടങ്കം പുണ്യനാളിന്‍റെ ആത്മീയ ചൈതന്യത്തിലേയ്ക്ക് പ്രവേശിച്ചു കഴിഞ്ഞു.
അതേസമയം പതിവുപോലെതന്നെ റമദാൻ മാസത്തോട് അനുബന്ധിച്ച് രാജ്യത്താകമാനം കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നോമ്പെടുക്കുന്ന സമയത്ത് പൊതുസ്ഥലങ്ങളിൽ ഭക്ഷണം കഴിക്കുകയോ, പുകവലിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിപ്പുണ്ട്.
മതപരവും നിയമപരവുമായ ലംഘനമായി ഇത്തരം പ്രവൃത്തികള്‍ കണക്കാക്കപ്പെടും. രോഗം, യാത്ര തുടങ്ങിയ ന്യായമായ കാരണങ്ങളില്ലാതെ പരസ്യമായി ഭക്ഷണം കഴിക്കുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.
നിയമപരമായ കാരണങ്ങളുള്ളവർ പോലും മറ്റുള്ളവരുടെ മതപരമായ ആചാരങ്ങളെ മാനിച്ചുകൊണ്ട് രഹസ്യമായി ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.
നിയമലംഘകർക്ക് 100 ദിനാർ വരെ പിഴയോ, ഒരു മാസം വരെ തടവോ, ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. പൊതുസ്ഥലത്ത് നോമ്പ് ലംഘിക്കാൻ സൗകര്യമൊരുക്കുന്ന സ്ഥാപനങ്ങൾ രണ്ട് മാസം വരെ അടച്ചിടാൻ സാധ്യതയുണ്ട്.
സൂര്യാസ്തമയത്തിന് തൊട്ടുമുൻപുള്ള മണിക്കൂറുകളിൽ മാത്രം ഇഫ്താറിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ കടകൾക്കും റസ്റ്റോറന്റുകൾക്കും അനുമതി നൽകിയിട്ടുണ്ട്.
നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നറിയാന്‍ ആഭ്യന്തര മന്ത്രാലയം കർശനമായ നിരീക്ഷണ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.