കുവൈറ്റ്: മലയാളി ദമ്പതികള്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞെത്തിയ നഴ്സിംങ്ങ് ദമ്പതിമാര്‍ തമ്മില്‍ അബ്ബാസിയയിലെ വീടിനുള്ളില്‍ വഴക്കുണ്ടാക്കുകയും അയല്‍വാസികളും ഭര്‍ത്താവിന്‍റെ സ്വന്തം സഹോദരിയും ഉള്‍പ്പെടെ വാതില്‍ മുട്ടി വിളിച്ചിട്ടും തുറക്കാന്‍ തയ്യാറാകാതെ ഒടുവില്‍ കത്തിക്കുത്തില്‍ ഇരുവരും കൊല്ലപ്പെടുകയും ചെയ്യുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
കണ്ണൂര്‍ മണ്ടളം കുഴിയത്ത് സൂജജ് ജോണ്‍ (40), ഭാര്യ കീഴില്ലം സ്വദേശിനി ബിന്‍സി തോമസ് (38) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ അബ്ബാസിയയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളിന് സമീപത്തെ ഫ്ലാറ്റില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോലീസെത്തി ഫ്ലാറ്റിന്‍റെ ഡോര്‍ തുറന്ന് അകത്തുകയറിയപ്പോള്‍ ഇരുവരും രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. ഇരുവരുടെയും കൈയ്യില്‍ കത്തിയുണ്ടായിരുന്നു. ഇതാണ് ഇരുവരും പരസ്പരം കുത്തിയാണ് മരണം സംഭവിച്ചതെന്ന നിഗമനത്തില്‍ എത്താന്‍ കാരണം.
അതേസമയം, ഇരുവരുടെയും ദേഹത്തുള്ളത് ഒരേ കത്തികൊണ്ടുള്ള മുറിവാണോ ഉണ്ടായത്, അതോ ഇരു കത്തികളുടെയും മുറിവുകളാണോ പരസ്പരം ഉണ്ടായത് എന്നീ കാര്യങ്ങളാണ് ഇനിയും സ്ഥിരീകരിക്കാനുള്ളത്.
സൂരജും ബിന്‍സിയും തമ്മില്‍ രണ്ട് ദിവസം മുന്‍പും ഫ്ലാറ്റില്‍ വച്ച് തര്‍ക്കം ഉണ്ടായിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു. അയല്‍ക്കാര്‍ എത്തിയാണ് ഇരുവരെയും ശാന്തരാക്കിയത്.
എന്നാല്‍ വീണ്ടും ഇന്ന് രാവിലെ ഇവരുടെ ഫ്ലാറ്റില്‍ നിന്നും വലിയ ബഹളം കേള്‍ക്കുകയും അയല്‍ക്കാര്‍ ഫ്ലാറ്റിലേയ്ക്ക് എത്തുകയുമായിരുന്നു. എന്നാല്‍ എത്ര വിളിച്ചിട്ടും ഇവര്‍ കതക് തുറക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് അയല്‍ക്കാര്‍ സമീപത്തെ മറ്റൊരു ഫ്ലാറ്റില്‍ താമസിക്കുന്ന സൂരജിന്‍റെ സഹോദരിയെ വിളിച്ചുവരുത്തുകയായിരുന്നു.
സഹോദരി എത്തുമ്പോഴും അകത്ത് വലിയ ബഹളം തുടരുകയായിരുന്നു. ഇവര്‍ കതകില്‍ തട്ടി തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇരുവരും കതക് തുറക്കാന്‍ തയ്യാറായില്ല. അതിനിടെ പെട്ടെന്ന് അകത്ത് നിശബ്ദമായി.
ഇതോടെ അയല്‍ക്കാര്‍ പോലീസിനെ വിളിച്ചു. പോലീസെത്തി കതക് തുറന്ന് നോക്കിയപ്പോഴാണ് ഇരുവരും കത്തിയും കൈയ്യില്‍ പിടിച്ച് രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടതെന്നാണ് അയല്‍ക്കാരുടെ വിശദീകരണം. ഇതില്‍ പരസ്പരം കുത്തിയാണോ മരണം അതോ ഒരാള്‍ മറ്റെയാളെ കൊലപ്പെടുത്തി സ്വയം കുത്തി ആത്മഹത്യ ചെയ്യുകയായിരുന്നോ എന്ന കാര്യമാണ് വ്യക്തത വരാനുള്ളത്.
മക്കളെ നാട്ടില്‍ കൊണ്ടുചെന്നാക്കി ഓസ്ട്രേലിയയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരും. അതിനിടയിലാണ് ദാരുണ സംഭവം അരങ്ങേറിയത്.